തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന് വി.എം സുധീരന്‍. അനാരോഗ്യം കാരണമാണ് പദവി ഒഴിയുന്നതെന്ന് അദ്ദേഹം അറിയിച്ചു.
രാജിക്കത്ത് ഇന്നുതന്നെ സോണിയാഗാന്ധിക്ക് അയക്കുമെന്നും അദ്ദേഹം അറിയിച്ചു.
അപ്രതീക്ഷിതമായായിരുന്നു രാജി പ്രഖ്യാപനം. പാര്‍ട്ടി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സുധീരന്‍ രാജിക്കാര്യം അറിയിച്ചത്. വ്യക്തിപരമായ അസൗകര്യം പാര്‍ട്ടിയെ ബാധിക്കുകയാണ്. കുറച്ച് ദിവസത്തേക്ക് മാത്രമായി അവധിയെടുക്കുന്നത് ശരിയല്ല. അതിനാലാണ് പദവി രാജിവെച്ചൊഴിയുന്നതെന്ന് സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ട്ടിയിലെ ഗ്രൂപ്പ് പ്രശ്‌നങ്ങളല്ല രാജിക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജിക്കാര്യം ആരുമായും ചര്‍ച്ച ചെയ്തിട്ടില്ല. വ്യക്തിപരമായ തീരുമാനമാണ്. ബദല്‍ സംവിധാനം ഹൈക്കമാന്റ് ചെയ്യുമെന്ന് പ്രതീക്ഷയുണ്ടെന്നും സുധീരന്‍ അറിയിച്ചു. രാജി പ്രഖ്യാപിച്ച സുധീരന്‍ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ചു.
കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാക്കളാരും രാജിവെക്കുന്നതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഇന്നലെ രാത്രി രമേഷ് ചെന്നിത്തല സുധീരനെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ രാജിയെക്കുറിച്ചൊന്നും സൂചന നല്‍കിയിരുന്നില്ല. പിന്നീട് ഉച്ചയോടെയാണ് രാജിവെക്കുന്നതെന്ന് പറഞ്ഞതെന്ന് ചെന്നിത്തല പറഞ്ഞു.
കോഴിക്കോടുവെച്ച് ഒരു പരിപാടിയില്‍ സുധീരന് വീണു പരിക്കേറ്റിരുന്നു. എന്നാല്‍ ചികിത്സക്ക് കൂടുതല്‍ സമയമെടുക്കുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിനാലാണ് രാജി അനിവാര്യമെന്നാണ് സുധീരന്റെ വിശദീകരണം.