വായില്‍ തോന്നിയത് പറയുന്ന ആളല്ല താനെന്നും, മിണ്ടാതിരിക്കാന്‍ പറയാന്‍ ഇത് തമ്പുരാക്കന്മാരുടെ കാലമൊന്നുമല്ലെന്നും സിപിഎം മുതിര്‍ന്ന നേതാവ് ജി സുധാകരന്‍. താന്‍ വിശ്രമിക്കുകയൊന്നുമല്ല. അങ്ങനെ പറയാന്‍ പത്തനംതിട്ടയിലെ ആ സുഹൃത്തിന് ആവശ്യമില്ല. അതാരാണെന്ന് താന്‍ അന്വേഷിച്ചിട്ടില്ല. എന്നാല്‍ അത് തന്നെ കേരളം മൊത്തം അപമാനിക്കാന്‍ വേണ്ടിയുള്ള ആക്ഷേപമാണെന്ന് ജി സുധാകരന്‍ പറഞ്ഞു.
സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വായില്‍ തോന്നിയത് പറയുന്ന ജി സുധാകരനെ നിയന്ത്രിക്കണം എന്നായിരുന്നു ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനം. വിമര്‍ശനം ഉന്നയിച്ച ആളെക്കൊണ്ട് പറയിപ്പിച്ചതാകും. ആരോ ഉണ്ട് പിന്നില്‍.
ആലപ്പുഴയിലും ചിലര്‍ തന്നെ കല്യാണത്തിലും മറ്റും വിളിക്കരുതെന്ന് പറഞ്ഞിരുന്നു. അവരൊക്കെ ഇപ്പോള്‍ എവിടെയാണ്? ശ്രദ്ധ പിടിച്ചുപറ്റാനാണ് തന്റെ പ്രസ്താവനയെന്ന വിമര്‍ശനത്തിലും സുധാകരന്‍ പ്രതികരിച്ചു. ശ്രദ്ധ പിടിച്ചുപറ്റാനല്ലേ പൊതു പ്രവര്‍ത്തകര്‍ സംസാരിക്കേണ്ടത്.
പാര്‍ട്ടിക്ക് അകത്തു പറയേണ്ടത് അകത്തു മാത്രമേ പറയൂ. സാമൂഹിക വിമര്‍ശനങ്ങള്‍ തുറന്നു പറയണം. പൊതു ഖജനാവ് കൊള്ളയടിക്കുന്നവര്‍, അഴിമതി നടത്തുന്നവര്‍, വര്‍ഗീയവാദികള്‍, വൃത്തികേടുള്ളവര്‍ തുടങ്ങിയവരെ താന്‍ വിമര്‍ശിക്കാറുണ്ട്. അത് ഇഷ്ടപ്പെടാത്തവരാണ് തന്നെ വിമര്‍ശിക്കുന്നത്. ഞങ്ങളുടെ കൂട്ടത്തില്‍പ്പെട്ടവരാണ്, അതുകൊണ്ട് ഇത് ഞങ്ങളെപ്പറ്റിയാണ് എന്ന് സ്വയം ഏറ്റെടുക്കുന്നത് എന്തിനാണെന്ന് ജി സുധാകരന്‍ ചോദിച്ചു.
സാമൂഹിക വിമര്‍ശനം നടത്താതെ രാഷ്ട്രീയം ശക്തിപ്പെടില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി ആരംഭിക്കുന്നതിന് മുമ്പ് പി കൃഷ്ണപിള്ള അടക്കം സാമൂഹിക പ്രവര്‍ത്തനങ്ങളിലല്ലേ കമ്യൂണിസ്റ്റ് നേതാക്കള്‍ പങ്കെടുത്തുകൊണ്ടിരുന്നത്. സാമൂഹിക പ്രവര്‍ത്തനമാണ് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ അടിത്തറ. സാമൂഹിക പ്രവര്‍ത്തനത്തില്‍ നിന്നും വഴിമാറിപ്പോയാല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ആളുണ്ടാകില്ല. ചില പാര്‍ട്ടികള്‍ക്ക് സോഷ്യല്‍ സര്‍വീസ് ഇല്ലാത്തതാണ് ആളില്ലാതാകാന്‍ കാരണം.താന്‍ സംസാരിക്കുന്നത് പാര്‍ട്ടിക്കു വേണ്ടിയാണെന്നും ജി സുധാകരന്‍ പറഞ്ഞു.
അത്ര വലിയ പ്രാധാന്യം ഇല്ലെങ്കിലും തനിക്ക് കുറച്ച് പ്രാധാന്യമുണ്ട്. താന്‍ വിശ്രമ ജീവിതം നയിക്കുകയല്ല. ജില്ലയില്‍ 1480 പൊതുപരിപാടികളില്‍ പങ്കെടുത്തു. ജില്ലയ്ക്ക് പുറത്ത് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 17 പരിപാടികളിലും പങ്കെടുത്തിരുന്നു. നാലു വര്‍ഷം കൊണ്ട് 3652 പരിപാടികളിലാണ് പങ്കെടുത്തത്.
ദീര്‍ഘദൂരമുള്ള പരിപാടികളില്‍ ചെന്നാല്‍ കാറിന്റെ പെട്രോളിന്റെ പണവും ഡ്രൈവറുടെ കാശും തരും. അതു വാങ്ങിക്കും. ഭാര്യയുടേയും തന്റെയും പെന്‍ഷന്‍ കാശ് മാത്രമാണ് വരുമാനം. വേറെ വരുമാനമൊന്നുമില്ലല്ലോയെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. പരിപാടിക്ക് വിളിക്കുന്ന എല്ലാവര്‍ക്കുമൊന്നും പൊസ തരാനൊന്നും ഉണ്ടാകില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.