X

സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ; പൊതുമരാമത്ത് വകുപ്പില്‍ ഒരു പണിയും നടക്കുന്നില്ല

തിരുവനന്തപുരം: ഉത്തരവാദിത്വമില്ലാത്ത ഉദ്യോഗസ്ഥരുടെ ചെകിട്ടത്തടിക്കുമെന്ന പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ പ്രസ്താവനക്കെതിരെ സി.പി.ഐ അനുകൂല എഞ്ചിനീയര്‍മാരുടെ സംഘടന. മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് ജോയിന്റ് കൗണ്‍സിലിന്റെ ഭാഗമായ കേരള എഞ്ചിനീയറിംഗ് സ്റ്റാഫ് അസോസിയേഷന്‍ വ്യക്തമാക്കി. മന്ത്രി സര്‍ക്കാര്‍ ജീവനക്കാരെ അവഹേളിച്ച് സംസാരിക്കുന്നത് പതിവാക്കിയിരിക്കുകയാണ്. തരംതാണ പ്രസ്താവനകള്‍ നടത്തുന്നത് മന്ത്രിയുടെ നിലവാരം കേരളത്തിലെ ജനങ്ങള്‍ മനസിലാക്കുമെന്നും പ്രസിഡന്റ് എച്ച്. സിദ്ദീഖും ജനറല്‍ സെക്രട്ടറി എന്‍. രാധേഷും പറഞ്ഞു.

ജീവനക്കാര്‍ക്കിടയില്‍ മന്ത്രി വിചാരിക്കുന്നതുപോലെ ജോലി ചെയ്യാത്തവരും അഴിമതിക്കാരുമുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. കഴിവ് കെട്ട മന്ത്രിയായതുകൊണ്ടാണ് ആഗ്രങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നത്. പൊതുമരാമത്ത് വകുപ്പില്‍ ഒരു പണിയും നടക്കുന്നില്ല. അത്യാവശ്യം മെയിന്റനന്‍സ് മാത്രമാണ് നടക്കുന്നത്. ബജറ്റ് പ്രവൃത്തികള്‍ ഒന്നും ഈ മന്ത്രി വന്നതിനുശേഷം ടെണ്ടര്‍ ചെയ്തിട്ടില്ല.

നാടുമുഴുവന്‍ ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞുനടന്ന് മഴക്കാലമാകുമ്പോള്‍ കുഴിയാവുന്ന റോഡുകള്‍ക്കും ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞ് തടിതപ്പാനുള്ള ചെപ്പടിവിദ്യയാണ് ഇപ്പോള്‍ മന്ത്രി നടത്തുന്നത്.  മഴക്ക് മുന്‍പേ റോഡുകള്‍ സഞ്ചാരയോഗ്യമാക്കാന്‍ നടപടി സ്വീകരിക്കാത്തതിലും ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ നികത്താത്തതിലും മന്ത്രിയുടെ തരംതാണ പ്രസ്താവനയിലും കേരള എഞ്ചിനീയറിംഗ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.

chandrika: