കേരള പൊലീസിന്റെയും വിജിലന്‍സിന്റെയും കേസുകളില്‍ വിശദീകരണം നല്‍കാനായി ദില്ലിയിലെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനെയും ചേര്‍ത്തുപിടിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇരുവരുടെയും കൈ ചേര്‍ത്ത് പിടിച്ചുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവച്ച രാഹുല്‍ ഗാന്ധി പറഞ്ഞത് ഒരേ ഒരു കാര്യം മാത്രമായിരുന്നു. ‘ഭീഷണിയുടെയും പകപോക്കലിന്റെയും പ്രതികാര രാഷ്ട്രീയത്തെ കോണ്‍ഗ്രസ് ഭയപ്പെടുന്നില്ല’ എന്നായിരുന്നു രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.
അതേസമയം സുധാകരനും സതീശനുമെതിരെ സംസ്ഥാനത്ത് കേസെടുത്ത സാഹചര്യമുണ്ടായെങ്കിലും ഇരുവര്‍ക്കുമൊപ്പം നില്‍ക്കാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. കേരളത്തില്‍ നേതൃമാറ്റം ആലോചനയിലില്ലെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവുമായ താരീഖ് അന്‍വറാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട് അറിയിച്ചത്. കേസുകളുമായി ബന്ധപ്പെട്ട് കെ സുധാകരനും വി ഡി സതീശനും ഇന്ന് ദില്ലിയിലെത്തി രാഹുല്‍ ഗാന്ധിയെയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗയെയുമടക്കം കണ്ടിരുന്നു. ഇതിന് ശേഷമാണ് രാഹുല്‍ ഇരുവര്‍ക്കും പിന്തുണ അറിയിച്ചുകൊണ്ടുള്ള ട്വീറ്റുമായി പ്രത്യക്ഷപ്പെട്ടത്. രാഹുല്‍ ഗാന്ധിക്ക് കേരളത്തിലെ രാഷ്ട്രീയമറിയാമെന്നും കേസുകള്‍ രാഷ്ട്രീയപ്രേരിതമാണെന്നുമാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും പ്രതികരിച്ചത്.