X

ഇസ്‌ലാം വിരുദ്ധത; ഫ്രഞ്ച് പുരസ്‌കാരം നിരസിച്ച് സുഡാനി കലാകാരി

ഖാര്‍ത്തൂം: സര്‍ക്കാര്‍ തുടരുന്ന ഇസ്‌ലാം വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് ഫ്രഞ്ച് സര്‍ക്കാര്‍ സമ്മാനിക്കുന്ന മെഡല്‍ നിരസിച്ച് സുഡാനി കലാകാരി. പ്രശസ്ത സുഡാനാ പ്ലാസ്റ്റിക് ആര്‍ട്ടിസ്റ്റ് കമല ഇബ്രാഹിം ഇസ്ഹാഖ് ആണ് ഫ്രഞ്ച് സര്‍ക്കാരിന്റെ പുരസ്‌കാരം തിരസ്‌കരിച്ചത്. കലാ സാഹിത്യ മേഖലയിലെ സംഭാവനകള്‍ക്ക് ഫ്രാന്‍സ് സമ്മാനിക്കുന്ന ആര്‍ട്ട് ആന്റ് ലെറ്റേഴ്‌സ് മെഡല്‍ പുരസ്‌കാരമാണിത്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ഇസ്‌ലാം വിരുദ്ധ പരാമര്‍ശങ്ങളിലും മുഹമ്മദ് നബിയെ നിന്ദിക്കുന്ന കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചതിലും പ്രതിഷേധിച്ചാണ് മെഡല്‍ നിരസിച്ചതെന്ന് സുഡാനീസ് വാര്‍ത്താ ഏജന്‍സി അറിയിച്ചു.

സുഡാനിലെ പ്രമുഖയായ പ്ലാസ്റ്റിക് ആര്‍ട്ടിസ്റ്റാണ് കമല.1939ല്‍ ജനനം. ഖാര്‍ത്തൂമിലെ കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ നിന്ന് ബിരുദവും ലണ്ടനിലെ റോയല്‍ കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. കഴിഞ്ഞ വര്‍ഷം നെതര്‍ലന്റ്‌സിലെ ക്ലോസ് പുരസ്‌കാരവും നേടിയിരുന്നു.

ഫ്രഞ്ച് പ്രസിഡന്റിന്റെ ആവര്‍ത്തിച്ചുള്ള മുസ്‌ലിം-പ്രവാചക നിന്ദക്കെതിരായ പ്രതിഷേധ സൂചകമായാണ് പുരസ്‌കാരം നിരസിക്കുന്നതെന്ന് കമല പറഞ്ഞു. ഇക്കാര്യം ഖാര്‍ത്തൂമിലെ ഫ്രഞ്ച് എംബസിയിലെ സാംസ്‌കാരിക അറ്റാഷെയെയും ഫ്രഞ്ച് കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റിനെയും അറിയിച്ചെന്നും അവര്‍ പറഞ്ഞു.

 

web desk 1: