ഇ മൊയ്തീന്‍ ഫൈസി പുത്തനഴി
സാദാത്തുക്കളും പണ്ഡിതന്‍മാരും തങ്ങളുടെ പൈതൃകവും പാരമ്പര്യവും സംരക്ഷിക്കാന്‍ രൂപീകരിച്ച സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ. അതിന് മുമ്പില്‍ നിന്നവരെല്ലാം നിസ്വാര്‍ഥരും ആത്മാര്‍ഥരുമായിരുന്നു. ഭൗതികമോ വൈയക്തികമോ ആയ ഒരു താല്‍പര്യവും അവര്‍ക്കുണ്ടായിരുന്നില്ല. ആരോടെങ്കിലുമുള്ള വിരോധമോ വിദ്വേഷമോ ആയിരുന്നില്ല അവരുടെ പ്രേരകം. അതിനാല്‍ തന്നെ അവരുടെ ശ്രമത്തിന് അല്ലാഹുവിന്റെ അനുഗ്രഹമുണ്ടായി. അഭിമാനകരമായി അത് വളര്‍ന്ന് ഇന്ന് മലയാളികളുള്ള എല്ലാ സ്ഥലങ്ങളിലും ശക്തമായ സാന്നിധ്യമുള്ള ഒരു സംഘടനയായി സമസ്ത വളര്‍ന്നു കഴിഞ്ഞു. പ്രവര്‍ത്തന മികവിലും വിജയത്തിലും എല്ലാ സംഘടനകളേയും മറികടന്ന സമസ്ത നൂറാം വാര്‍ഷികത്തിന് തയ്യാറായി നില്‍ക്കുകയാണ്. യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍, കുട്ടികള്‍, അധ്യാപകര്‍, മഹല്ലുകള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി എല്ലാ തലങ്ങള്‍ക്കും പ്രത്യേകം കീഴ്ഘടകങ്ങള്‍ സമസ്തക്കുണ്ട്. സമസ്തയുടെ പൊതു മേല്‍നോട്ടത്തില്‍ ഉന്നത മതപഠന കേന്ദ്രങ്ങള്‍, പ്രാഥമിക മദ്‌റസകള്‍, സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി, പത്രമാധ്യമങ്ങള്‍, എഞ്ചിനീയറിങ് കോളജ് തുടങ്ങിയവ ഇന്ത്യയിലങ്ങോളമിങ്ങോളം പ്രവര്‍ത്തിച്ചുവരുന്നു. മറ്റു സംഘടനകള്‍ക്ക് നേടിയെടുക്കാന്‍ കഴിയാത്ത നേട്ടങ്ങളാണിവ.
1971ലാണ് സമസ്തയുടെ മലപ്പുറം ജില്ലാ ഘടകം നിലവില്‍ വരുന്നത്. ഏറ്റവും വലിയ മുസ്‌ലിം ഭൂരിപക്ഷ ജില്ല എന്ന നിലക്ക് സമസ്തയുടെ പ്രധാന തട്ടകമായിരുന്നു മലപ്പുറം ജില്ല. അത് സമസ്ത ഉള്‍ക്കൊള്ളുകയും ജില്ലയില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. അതുവഴി സംഘടന ഏറ്റവും കരുത്താര്‍ജ്ജിച്ച പ്രദേശമായി ഇവിടം മാറി. നീണ്ട അന്‍പതു വര്‍ഷത്തിനുള്ളില്‍ കീഴ്ഘടകങ്ങള്‍വഴി പ്രവര്‍ത്തനം ചടുലമാക്കി. സ്ഥാപനങ്ങള്‍, സാമൂഹ്യ പദ്ധതികള്‍, പ്രസിദ്ധീകരണം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഇവിടെ തികച്ചും സജീവമാണ്. അതേസമയം ഏറ്റവും വലിയ ജനവിഭാഗം എന്ന നിലക്ക് കാലത്തോടും നാട്ടിനോടും ചെയ്യേണ്ട സാമൂഹ്യ കടമകളും കടപ്പാടുകളും സമസ്ത ജില്ലാ ഘടകം വഴി നിറവേറ്റിയിട്ടുമുണ്ട്. അവയില്‍ ഏറ്റവും വലുത് ആധുനിക സമൂഹത്തിന്റെ തീരാശാപങ്ങളായ വര്‍ഗീയത, തീവ്രവാദം, ഭീകരവാദം, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഉണ്ടാവാതിരിക്കാനും ഉണ്ടാവുന്നത് പടരാതിരിക്കാനും സമസ്ത പുലര്‍ത്തുന്ന ജാഗ്രതയാണ്. മുസ്‌ലിം ന്യൂനപക്ഷത്തിനെ ഇത്തരം സാമൂഹ്യ വിരുദ്ധതയുടെ ആലകളില്‍ തളച്ചിടാനുള്ള കുല്‍സിത ശ്രമങ്ങള്‍ തല്‍പരകക്ഷികള്‍ നടത്താന്‍ ശ്രമിക്കാറുള്ളത് മലപ്പുറത്താണ്. സമസ്ത സ്വന്തം ബഹുജന സഞ്ചയത്തെ എപ്പോഴും ശരിയായ വികാരങ്ങളില്‍ നിറുത്തി നയിച്ചു. അതിനാല്‍ ഇതൊരു ദുരന്തഭൂമിയാവണമെന്ന് കരുതിയിരുന്നവര്‍ക്കെല്ലാം നിരാശപ്പെടേണ്ടി വന്നു. ജീവിക്കുന്ന നാടിനോടും കാലത്തോടുമുള്ള ഈ ഉത്തരവാദിത്വങ്ങളും സമസ്തക്ക് പൈതൃകമായി പകര്‍ന്നു കിട്ടിയതാണ്.
1971ല്‍ ആരംഭിച്ച ജില്ലാ കമ്മിറ്റി സുവര്‍ണ്ണ ജൂബിലിയുടെ നിറവിലാണ്. 50 വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ നേടിയ അഭിമാനകരമായ നേട്ടങ്ങള്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളിലൂടെ ആഘോഷിക്കാന്‍ പോന്നതാണ് എന്നതിനാല്‍ ഒരു വര്‍ഷത്തെ പരിപാടികളാണ് ജില്ലാ കമ്മിറ്റി ആസൂത്രണം ചെയ്തത്. ഉദ്ഘാടന സമ്മേളനം, കീഴ്ഘടക സംഗമങ്ങള്‍, അലുംനി കൂട്ടായ്മ, മേഖലാ പ്രതിനിധി സംഗമങ്ങള്‍ തുടങ്ങി വേറിട്ട പരിപാടികള്‍ ഈ വരുന്ന 2 ന് സമാപിക്കുകയാണ്. ഇതപര്യന്തം നടന്ന പരിപാടികളും, സമാപന സംഗമവും ജൂബിലി ഉപഹാരവുമെല്ലാം കൈകാര്യം ചെയ്യുന്ന പ്രമേയം പൈതൃകമാണ് വിജയം എന്നതാണ്. സമസ്തയുടെ നിലനില്‍പ്പിന്റെ സാധുതയും സാംഗത്യവും നിശ്ചയിക്കുന്ന ആശയമാണ് ഈ പ്രമേയം. ഇസ്‌ലാമികാദര്‍ശത്തിന്റെ അടിത്തറയാണത്. എന്നു മാത്രമല്ല, പൈതൃകങ്ങളെ സംരക്ഷിക്കുക, പരിഗണിക്കുക എന്നിവയെല്ലാം മനുഷ്യന്റെ ഏറ്റവും ഉദാത്തമായ മാന്യതകളില്‍ പെടുന്നതാണ്. ക്രമപ്രവൃദ്ധമായ മനുഷ്യ ജീവിതത്തിന്റെ പൊതു ഭാവം. ഈ തരം വളര്‍ച്ചയില്‍ മുന്‍ഗാമികള്‍, പിന്‍ഗാമികള്‍, വലിയവര്‍, ചെറിയവര്‍, ശ്രേഷ്ഠര്‍, സാധാരണക്കാര്‍ തുടങ്ങിയ ഘടകങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. ഇതോടെ ബഹുമാനിക്കേണ്ടവരും ബഹുമാനിക്കപ്പെടേണ്ടവരും രൂപപ്പെടുന്നു. അനുസരിക്കേണ്ടവരും അനുസരിക്കപ്പെടേണ്ടവരും ഉണ്ടായിത്തീരുന്നു. അപ്പോള്‍ സമൂഹത്തിന് കൃത്യമായ താളം കൈവരും. അത് അപകടപ്പെടുന്നതാണല്ലോ ഈ കാലത്തിന്റെ ഏറ്റവും വലിയ ശാപം. മാതാപിതാക്കളെ മാനിക്കാത്ത മക്കളും നേതൃത്വത്തെ പരിഗണിക്കാത്ത അണികളും മുന്‍ഗാമികളെ കണ്ടെന്നു നടിക്കാത്ത പിന്‍ഗാമികളുമൊക്കെ ഉണ്ടാകുന്നത് പൈതൃകത്തെ വിസ്മരിക്കുന്നതുകൊണ്ടാണ്. ഇതെല്ലാം പൈതൃകമാണ് വിജയം എന്ന പ്രമേയത്തെ അര്‍ഥപൂര്‍ണമാക്കുന്നു. സന്തോഷകരമായ ജീവിതത്തിനു വേണ്ടി പൈതൃകത്തെ സംരക്ഷിക്കാന്‍ ഒരിക്കല്‍കൂടി മലപ്പുറത്തെ മുസ്‌ലിം ജനത ജനുവരി 2 ന് മലപ്പുറം മേല്‍മുറിയിലെ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗരിയില്‍ ഒരുമിച്ചുകൂടുകയാണ്.
(ലേഖകന്‍ സമസ്ത മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറിയാണ്