X

സുനന്ദ പുഷ്‌കറിന്റെ മരണം; ഹര്‍ജി നിലനില്‍ക്കുമോയെന്ന് സുബ്രഹ്മണ്യന്‍ സാമിയോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സാമി സമര്‍പ്പിച്ച ഹര്‍ജിയുടെ നിയമസാധുതയില്‍ സംശയം പ്രകടിപ്പിച്ച് പരമോന്നത നിതീപീഠം. ഹര്‍ജി നിലനില്‍ക്കുമോയെന്ന് സുബ്രഹ്മണ്യന്‍ സാമി ആദ്യം വിശദീകരിക്കണമെന്നും മറ്റു കാര്യങ്ങളിലേക്ക് പിന്നീട് കടക്കാമെന്നും ജസ്റ്റിസുമാരായ അമിതവ് റോയ്, അരുണ്‍ മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.

കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന ആവശ്യമാണ് ഹര്‍ജിയില്‍ സാമി ഉന്നയിച്ചിരുന്നത്. ഡല്‍ഹി ഹൈക്കോടതിയിലാണ് സാമി ആദ്യം ഹര്‍ജി നല്‍കിയത്. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു വര്‍ഷം വരെ സമയം എടുത്തെന്നും പോസ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസാധാരണ മരണമെന്നാണ് പറയുന്നതെന്നുമായിരുന്നു സാമിയുടെ വാദം.

കേസിന്റെ അന്വേഷണത്തില്‍ ശശി തരൂര്‍ കൈകടത്താന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് സാമി ഡല്‍ഹി ഹൈക്കോടതിയില്‍ മറ്റൊരു ഹര്‍ജിയും നല്‍കിയിരുന്നു. ഡല്‍ഹി പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ അപാകമുണ്ടെന്ന് കരുതുന്നില്ലെന്നും കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി ഹൈക്കോടതി ഹര്‍ജി തള്ളിയത്. ഇതേതുടര്‍ന്നാണ സാമി സുപ്രീംകോടതിയെ സമീപിച്ചത്.

2014 ജനുവരി 17നാണ് സുനന്ദ പുഷ്‌കറെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

chandrika: