X
    Categories: MoreViews

‘സ്വയം വിലയിരുത്താനുള്ള സമയമായി’; നോട്ടക്കും പിന്നിലായ ബി.ജെ.പിയെ വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

ചെന്നൈ: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ രണ്ടായിരം വോട്ടു പോലും തികക്കാനാവാതെ കേന്ദ്രം ഭരിക്കുന്ന ബി. ജെ. പി. 1417 വോട്ടുകള്‍ മാത്രം നേടിയ ബി. ജെ. പി നോട്ടയ്ക്കും പിന്നിലായി ആറാമതായാണ് ഫിനിഷ് ചെയ്തത്. 2373 വോട്ടുകളാണ് നോട്ടക്കു ലഭിച്ചത്. അതേ സമയം നോട്ടക്കു പിന്നിലായി നാണക്കേട് സമ്മാനിച്ച ബിജെപിക്കെതിരെ വിമര്‍ശനവുമായി പാര്‍ട്ടി എം.പി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. നോട്ടക്ക് കിട്ടിയതിന്റെ കാല്‍ ഭാഗം വോട്ട് മാത്രമാണ് കേന്ദ്രഭരണത്തിലിരിക്കുന്ന പാര്‍ട്ടിക്ക് കിട്ടിയത്. സ്വയം വിലയിരുത്താനുള്ള സമയമായെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.

തമിഴ്‌നാട്ടില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് ഇത് നാണംകെട്ട തോല്‍വിയാണ്. ആര്‍കെ നഗറില്‍ കളം പിടിക്കാന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കരു നാഗരാജനെയാണ് ബിജെപി തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറക്കിയത്. എന്നാല്‍ വോട്ട് എണ്ണിതുടങ്ങിയപ്പോള്‍ മുതല്‍ ബിജെപി സ്ഥാനാര്‍ഥി നോട്ടയ്ക്ക് പിന്നിലാണ്. പകുതി റൗണ്ട് വോട്ടുകള്‍ എണ്ണിയപ്പോള്‍ തന്നെ ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചതിന്റെ ഇരട്ടിവോട്ട് നോട്ടയ്ക്ക് ലഭിച്ചു. അണ്ണാ ഡിഎംകെയില്‍ ഒപിഎസ് പളനിസ്വാമി വിഭാഗങ്ങളുടെ ലയനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചെന്നു കരുതുന്ന ബിജെപി, സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്നായിരുന്നു ആദ്യ പ്രചാരണം. പിന്നീട് അവര്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയും തെരഞ്ഞെടുപ്പില്‍ സജീവ പ്രചാരണത്തിന് ഇറങ്ങുകയുമായിരുന്നു. കേന്ദ്ര ഭരണവും മോദിയുടെ ഇമേജും വോട്ടാകുമെന്ന് കരുതിയ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് പ്രഹരമേല്‍പിക്കുന്നതാണ് ഫലം.

chandrika: