ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നടത്താനിരുന്ന എന്തുകൊണ്ട് അയോധ്യയില്‍ രാമക്ഷേത്രം എന്ന സെമിനാര്‍ അവസാന നിമിഷം റദ്ദാക്കി. മുതിര്‍ന്ന ബി.ജെ.പി നേതാവും എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമിയെ ആണ് വിവേകാനന്ദ വിചാര്‍ മഞ്ചിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കാനിരുന്ന സെമിനാറിലേക്ക് മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നത്.
- Read Also : ബാബറി മസ്ജിദ് പൊളിച്ചതിനുപകരമായി നൂറ് പള്ളികള്‍ നിര്‍മ്മിക്കുമെന്ന് മൂന്ന് മുന്‍ കര്‍സേവകര്‍
സാമുദായിക സംഘര്‍ഷത്തിന് വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടി അയോധ്യയുമായി ബന്ധപ്പെട്ട് ഒരു പരിപാടികളും ക്യാമ്പസില്‍ സംഘടിപ്പിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍വകലാശാലാ അധികൃതര്‍ ഉത്തരവിറക്കുകയായിരുന്നു.
അതേസമയം അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ സുപ്രീംകോടതി അന്തിമ വാദംകേള്‍ക്കുന്നത് ഫെബ്രുവരി എട്ടിലേക്ക് മാറ്റിയിതായി കോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അയോധ്യയിലെ 2.77 ഏക്കര്‍ വരുന്ന ഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡക്കും രാംലല്ല വിരാജ് മിന്നിനുമായി വിഭജിച്ച് നല്‍കിയ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീലുകളിലാണ് വാദം തുടരുക.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്. അബ്ദുല്‍നാസര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, അനൂപ് ജോര്‍ജ് ചൗധരി, രാജീവ് ധവാന്‍, സുശീല്‍ ജെയിന്‍ എന്നിവര്‍ സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡക്കും വേണ്ടി ഹാജരായി. വാദം 2019 ജൂലൈയിലേക്ക് മാറ്റിവെക്കണമെന്ന കപില്‍ സിബലിന്റെ വാദം കോടതി അംഗീകരിച്ചില്ല. അലഹബാദ് ഹൈക്കോടതിയുടെ ലക്‌നോ ബെഞ്ചില്‍ സമര്‍പ്പിച്ച രേഖകളും തെളിവുകളും പരിഭാഷപ്പെടുത്തുന്നതിന് സമയം ആവശ്യമാണെന്ന ഹരജിക്കാരുടെ വാദം അംഗീകരിച്ചാണ് കേസ് ഫെബ്രുവരിയിലേക്ക് മാറ്റിയത്.