ന്യൂഡല്‍ഹി: നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ക്ക് സ്ഥിരതയില്ലെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി.
ശ്രീദേവിയുടെ മരണം കൊലപാതകമാണെന്നാണ് താന്‍ വിശ്വസിക്കുന്നത്. യഥാര്‍ഥ കാരണം എന്താണെന്ന് അറിയുന്നതു വരെ കാത്തിരിക്കാം. ഒരിക്കലും വീര്യമേറിയ മദ്യം ശ്രീദേവി കഴിക്കുമായിരുന്നില്ല. പിന്നെ എങ്ങനെയാണ് അത് അവരുടെ ശരീരത്തിനുള്ളില്‍ മദ്യം എത്തിയത്? സി.സി.ടി.വി ക്യാമറകള്‍ക്ക് എന്തുസംഭവിച്ചു?വെന്നും സ്വാമി ചോദിച്ചു. മരണത്തിനുശേഷം ഡോക്ടര്‍മാര്‍ വളരെപ്പെട്ടെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ശ്രീദേവി മരിച്ചത് ഹൃദയ സ്തംഭനം മൂലമാണെന്ന് അവര്‍ പറയുകയുമായിരുന്നുവെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു. നേരത്തെ നടിയുടേത് മുങ്ങിമരണമെന്ന സ്ഥിരീകരണത്തിന് ശേഷമാണ് ഭൗതിക ശരീരം നാട്ടിലെത്തുന്നത് സംബന്ധിച്ച കാര്യങ്ങള്‍ അനന്തമായി നീളുന്നത്. ഇപ്പോള്‍ നടിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉള്ളതായ വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. മുറിവ് വീഴ്ചയില്‍ സംഭവിച്ചതാകാമെന്നാണ് ഫോറന്‍സിക് പരിശോധനയെ തുടര്‍ന്നുള്ള നിഗമനം. അതിനിടെ, തലയിലെ മുറിവ് സംബന്ധിച്ചുള്ള കൂടുതല്‍ അന്വേഷണത്തിനായി വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്നും സൂചനയുണ്ട്.
മരണവുമായി ബന്ധപ്പെട്ട് ദുബൈ പോലീസിന്റെ അന്വേഷണവും പരിശോധനയും തുടരുകയാണ്. ഭര്‍ത്താവ് ബോണി കപൂറിനെ ദുബൈ പൊലീസെത്തി വീണ്ടും ചോദ്യംചെയ്യുന്നതായാണ് വിവരം. ഇതിനിടെ സ്‌റ്റേഷനിലെത്തിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികളെ ദുബൈ അധികൃതര്‍ തിരിച്ചയച്ചു.