ചെന്നൈ: സെലിബ്രിറ്റികള്‍ ആശയാവതരണത്തിന് വേദിയാക്കുന്ന ട്വിറ്ററില്‍ ബിജെപി നേതാവ് സുബ്രഹ്മണ്യസ്വാമിയും തമിഴ്‌നടന്‍ കമല്‍ഹാസനും തമ്മില്‍ ഏറ്റുമുട്ടുന്നു. പൊങ്ങച്ചക്കാരനും നട്ടെല്ലില്ലാത്ത വിഡ്ഢിയുമെന്ന സുബ്രഹ്്മണ്യ സ്വാമിയുടെ പരാമര്‍ശങ്ങള്‍ക്കാണ് കമല്‍ഹാസന്‍ ചുട്ടമറുപടി നല്‍കിയത്. സംസ്‌കാര ശൂന്യമായ ഭാഷയുടെ കാര്യത്തില്‍ സ്വാമിയുടത്ര പ്രാവീണ്യം തനിക്കില്ല എന്നായിരുന്നു സൂപ്പര്‍താരത്തിന്റെ മറുപടി. തമിഴ്‌നാട് മുഖ്യമന്ത്രി വിഷയവുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും മൈക്രോബ്ലോഗിങ് സൈറ്റില്‍ ഏറ്റുമുട്ടിയത്. ജനം പറഞ്ഞാല്‍ കമലിനെ ബിജെപി ക്ഷണിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയാണ് സുബ്രഹ്മണ്യ സ്വാമി വിവാദത്തിന് തുടക്കമിട്ടത്. ബിജെപിയുടെ കാര്യം തനിക്ക് അറിയില്ലെന്നും തന്നോട് ചോദിച്ചാല്‍ അത് എതിര്‍ക്കുമെന്നുമായിരുന്നു സ്വാമിയുടെ മറുപടി. കമല്‍ പൊങ്ങച്ചക്കാരനും നട്ടെല്ലില്ലാത്ത വിഡ്ഢിയുമാണെന്ന് സ്വാമി ആരോപിച്ചു. എന്നാല്‍ തമിഴ്‌നാട്ടുകാരെ പൊറുക്കികള്‍ (തെമ്മാടികള്‍) എന്നു വിളിച്ച സുബ്രഹ്മണ്യസ്വാമിക്ക് അദ്ദേഹത്തിന്റെ സംസ്‌കാരത്തിലുള്ള മറുപടി പറയാന്‍ താന്‍ ആഗ്രഹക്കുന്നില്ലെന്നായിരുന്നു കമലിന്റെ ട്വീറ്റ്. അദ്ദേഹത്തെ താന്‍ എതിര്‍ക്കേണ്ട കാര്യമില്ല. തമിഴ്ജനത എതിര്‍ത്തുകൊള്ളും. മോശം ഭാഷയില്‍ സംസാരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇത്തരം കാര്യത്തില്‍ തന്നേക്കാള്‍ അനുഭവ സമ്പത്തുള്ളയാളാണ് സ്വാമിയെന്നും കമല്‍ പറഞ്ഞു.