X

അന്വേഷണ സംഘത്തിലെ കീഴുദ്യോഗസ്ഥർ തനിക്ക് റിപ്പോർട്ട് ചെയ്യണ്ട; ഡി.ജി.പി.യ്ക്ക് വിചിത്ര കത്തുമായി എ.ഡി.ജി.പി അജിത് കുമാർ

അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥർ തനിക്ക് റിപ്പോർട്ട്‌ ചെയ്യേണ്ടതില്ലെന്ന് ഡിജിപിക്ക് എഡിജിപി എം.ആർ അജിത് കുമാറിന്‍റെ കത്ത് . ഐജിയും ഡിഐജിയും തനിക്ക് റിപ്പോർട്ട്‌ ചെയ്യേണ്ടെന്നാണ് കത്തിലുള്ളത്. അന്വേഷണം കഴിയുംവരെ ഇവർ ഡിജിപിക്ക് നേരിട്ട് റിപ്പോർട്ട്‌ ചെയ്താൽ മതി.

അജിത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങൾ ഡിജിപിയാണ് നേരിട്ട് അന്വേഷിക്കുന്നത്. ആരോപണങ്ങളിൽ അജിത് കുമാറിനെതിരെ കടുത്ത നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. അതേസമയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി,എഡിജിപി എം.ആർ അജിത് കുമാർ എന്നിവർക്കെതിരെ നിലമ്പൂർ എംഎൽഎ പി.വി അൻവർ നൽകിയ പരാതി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചർച്ച ചെയ്തേക്കും.

അൻവറിന്‍റെ പരാതി പരിശോധിക്കപ്പെടേണ്ടതാണെന്നാണ് നേതൃത്വത്തിന്‍റെ പൊതു അഭിപ്രായം . അൻവർ പരാതി നൽകിയ കാര്യം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ അവതരിപ്പിക്കും. ഇക്കാര്യത്തിൽ എന്ത് പരിശോധന വേണമെന്ന് ചർച്ചകൾക്ക് ശേഷം തീരുമാനിക്കും. അൻവറിന്‍റെ പരാതി പാർട്ടി പരിശോധിക്കാൻ ഇരിക്കെയാണ് ഇന്നലെ പത്തനംതിട്ട മുൻ എസ്പി സുജിത്ത് ദാസിനെ സസ്പെൻഡ് ചെയ്തത്.

സർക്കാരിന് ലഭിച്ച പരാതി പരിശോധിക്കുകയാണെന്ന് മുഖ്യമന്ത്രി സംസ്ഥാന സെക്രട്ടറിയേറ്റിൽ അറിയിച്ചാൽ തുടർനടപടികൾ എന്തെന്ന് കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനെ നേരിട്ടു കണ്ടാണ് അൻവർ പരാതി നൽകിയിരുന്നത്. അരമണിക്കൂറോളം നടത്തിയ കൂടിക്കാഴ്ചയിൽ പുറത്തു ഉന്നയിച്ച ആരോപണങ്ങളുടെ വിശദാംശങ്ങൾ പാർട്ടി സെക്രട്ടറിയെ ധരിപ്പിച്ചു.

webdesk13: