X
    Categories: CultureNewsViews

കൊലപാതകികള്‍ പുറത്താണ് മക്കളുടെ ജീവന് സുരക്ഷ വേണം: ബുലന്ദ്ഷഹറില്‍ കൊല്ലപ്പെട്ട പൊലീസുകാരന്റെ ഭാര്യ ഭീതിയില്‍

മീററ്റ്: കൊലപാതകികള്‍ പുറത്താണെന്നും അതിനാല്‍ തന്റെ മക്കളുടെ ജീവന് സുരക്ഷ വേണമെന്നും അഭ്യര്‍ഥിച്ച് ബുലന്ദ്ഷഹറില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടാണ് മക്കളുടെ സുരക്ഷക്കായി നിസ്സഹായതയോടെ അഭ്യര്‍ഥിച്ചിരിക്കുന്നത്. ഞങ്ങളുടെ ജീവന്‍ അപകടത്തിലാണ്. ഭയത്തോടെയാണ് കഴിയുന്നത്. കുട്ടികളുടെ സുരക്ഷയില്‍ ആശങ്കയുണ്ട്. കുറ്റവാളികള്‍ പുറത്തിറങ്ങിയ സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കണമെന്നാണ് അഭ്യര്‍ത്ഥന.
ബുലന്ദ്ഷഹര്‍ സംഘര്‍ഷത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഭാര്യയുടെ അഭ്യര്‍ത്ഥന. തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.
ഗോവധം ആരോപിച്ച് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിനിടെയാണ് സുബോധ് കുമാര്‍ കൊല്ലപ്പെട്ടത്. 2018 ഡിസംബര്‍ മൂന്നിനായിരുന്നു സംഭവം. സംഘര്‍ഷത്തില്‍ മറ്റൊരാള്‍ക്കൂടി കൊല്ലപ്പെട്ടിരുന്നു. സുബോധ് കുമാര്‍ സിങിനെ പ്രതികള്‍ സമീപത്തെ വയലിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി സുബോധ് കുമാറിന്റെ തന്നെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: