X

കേന്ദ്രത്തിന്റെ സബ്കാ വികാസ് പരിണാമം-മുജീബ് കെ താനൂര്‍

സച്ചാര്‍ സമിതി കണ്ടത്തലിന്റെ പതിനേഴാമാണ്ടില്‍ കേന്ദ്ര ഭരണ കക്ഷി മുസ്‌ലിംകളെ പാടെ തഴഞ്ഞു. ‘സബ്കാ സാഥ് സബ്കാ വികാസ്’ മുദ്രാവാക്യം മുഴക്കിയ ഇന്ത്യന്‍ ഭരണകക്ഷി ബി.ജെ.പിയില്‍ മുസ്‌ലിം പ്രാതിനിധ്യം വട്ടപൂജ്യമായി. ‘സബ്കാ സാഥ്’ എന്നതിന് പകരം ‘ഉസ്‌ക ദോസ്ത്കാ’ എന്നാക്കി മാറ്റണമെന്ന ചലച്ചിത്ര താരം നാനാപടേകറുടെ കമന്റ് ബി.ജെ.പി നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.
ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് വിവരണം തയ്യാറാക്കുന്നതിനായി 2005 മാര്‍ച്ച് ഒന്‍പതിന് മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ നിയോഗിച്ച ഉന്നതാധികാര സമിതിയാണ് രജീന്ദര്‍ സച്ചാര്‍ സമിതി. പ്രധാനമന്ത്രിയുടെ കാര്യാലയത്തില്‍ നിന്നു ടേംസ് ഓഫ് റഫറന്‍സ് ലഭ്യമായി 20 മാസത്തിനുശേഷം 2006 നവംബര്‍ 30 ന് ലോക്‌സഭയുടെ മേശപ്പുറത്ത്‌വെച്ച ഈ വിവരണം ഇന്ത്യന്‍ മുസ്‌ലിംകളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനായുള്ള ശിപാര്‍ശകളും പരിഹാരനടപടികളും ഈ വിവരണം മുന്നോട്ടുവെക്കുന്നതായിരുന്നു.

ഇന്ത്യന്‍ മുസ്‌ലിംകളുടെ നിലവിലെ മോശം അവസ്ഥയെ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനായി ഈ സമിതി ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നു. ന്യൂനപക്ഷങ്ങളെ ഉയര്‍ത്തികൊണ്ടുവരുന്നതിലൂടെയും ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിലൂടെയും ഇന്ത്യന്‍ സമൂഹത്തിന്റെ മതേതര ഘടന ശക്തിപ്പെടുക മാത്രമല്ല അവരുടെ പുരോഗതി അവരില്‍ ദേശസ്‌നേഹം വര്‍ധിക്കാനും ഇടയാക്കും എന്നും പരാമര്‍ശമുണ്ട്. എന്നാല്‍ പിന്നീട് വന്ന ഭരണകൂടം ഇതൊന്നും കണ്ടില്ല കേട്ടില്ല എന്ന രൂപത്തിലാണ് മുന്നോട്ടുപോകുന്നത്.

ബി.ജെ.പി എന്ന പാര്‍ട്ടിയിലെ മുസ്‌ലിം പ്രാതിനിധ്യത്തെ കുറിച്ച് ദേശീയ ചാനലില്‍ വന്ന ചര്‍ച്ചയില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തക ബര്‍ഖാദത്ത് ഉപയോഗിച്ചത് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് അധ്യക്ഷന്‍ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ വാചകമായിരുന്നു. ‘രാജ്യത്ത് ഏതെങ്കിലും ഭരണ കക്ഷിക്കു പാര്‍ലമെന്റിലെ മുസ്‌ലിം പ്രാതിനിധ്യം കുറക്കാന്‍ സാധിച്ചേക്കാം, എന്നാല്‍ മുസ്‌ലിം പ്രാതിനിധ്യം പൂര്‍ണമായി ഇല്ലാതാക്കാന്‍ അവര്‍ക്കു കഴിയുകയില്ല’ എന്നതായിരുന്നു ബര്‍ഖയുടെ വാദം.

ഇന്ത്യന്‍ പാര്‍ലമെന്റില്‍ ലോക്‌സഭ, രാജ്യസഭ, സംസ്ഥാന അസംബ്ലികളിലും കേന്ദ്ര ഭരണ പ്രദേശങ്ങളായ സംസ്ഥാനങ്ങളിലും ഒന്നില്‍ പോലും ബി.ജെ.പിക്കു മുസ്‌ലിം പ്രാതിനിധ്യമില്ല. പാര്‍ട്ടിയിലെ അവസാനത്തെ മുസ്‌ലിം എം.പി മുക്താര്‍ അബ്ബാസ് നഖ്‌വി മാറി. അദ്ദേഹത്തിന്റെ രാജ്യസഭയിലെ കാലാവധി കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ലോക്‌സഭയിലെ ബി.ജെ.പിയുടെ ഏക മുസ്‌ലിം എം.പി 2009 ല്‍ ബീഹാറിലെ ഭഗല്‍പൂരില്‍ നിന്നും വിജയിച്ച ഷാനവാസ് ഹുസൈന്‍ ആയിരുന്നു. 2014 ല്‍ മോദി തരംഗത്തില്‍ പോലും ഒരൊറ്റ മുസ്‌ലിം എം.പിയും ബി.ജെ. പി ടിക്കറ്റില്‍ ലോക്‌സഭയിലെത്തിയിരുന്നില്ല. 2019 ലെ ലോക്‌സഭാതിരെഞ്ഞെടുപ്പില്‍ ജമ്മുകശ്മീരില്‍ മൂന്നിടത്തും പശ്ചിമ ബംഗാളില്‍ രണ്ടിടത്തും ലക്ഷദ്വീപില്‍ ഒരിടത്തുമായി ആറു സീറ്റുകളില്‍ മുസ് ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. എല്ലാവരും മുസ്‌ലിം ഭൂരിപക്ഷ സീറ്റുകളിലായിരുന്നു മത്സരിച്ചിരുന്നത്. എന്നിട്ടും എല്ലാവരും തോറ്റു.

ഇതേകുറിച്ച് മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞത് ‘മുസ്‌ലികള്‍ക്ക് പാര്‍ട്ടി ടിക്കറ്റ് കൊടുത്ത സീറ്റുകളിലെല്ലാം തോല്‍ക്കുന്നത് കാരണമാണ് അവര്‍ക്കു സീറ്റ് നല്‍കാതിരുന്നത് എന്നായിരുന്നു. മുപ്പത് ശതമാനം മുസ്‌ലിംകളുള്ള മണ്ഡലങ്ങളില്‍ ബാക്കിയുള്ള എഴുപത് ശമതമാനം വോട്ടും അമുസ്‌ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ലഭിക്കുമത്രേ. മുസ്‌ലിം ബി. ജെ.പി സ്ഥാനാര്‍ഥികള്‍ക്ക് രാജ്യത്ത് ശരാശരി 80000 ഓളം വോട്ടുകള്‍ കിട്ടുമ്പോള്‍ അമുസ്‌ലിം സ്ഥാനാര്‍ഥികള്‍ക്ക് മൂന്നര ലക്ഷം വോട്ടുകള്‍ നേടാനാവുമെന്നും’ ബി. ജെ.പി അവകാശപ്പെടുന്നു. ഇന്ത്യയില്‍ എല്ലാ സംസഥാനങ്ങളിലുമായി ബി.ജെ.പി ക്ക് ആകെ മൂന്നു മുസ്‌ലിം എം.എല്‍.എ മാരുണ്ടായിരുന്നു. കശ്മീര്‍, അസം എന്നിവിടങ്ങളില്‍ ഓരോന്നും രാജസ്ഥാനില്‍ രണ്ടും എം.എല്‍.എമാരാണുണ്ടായിരുന്നത്. 2014ല്‍ കശ്മീരിലെ ബി.ജെ.പി-പി.ഡി. പി മന്ത്രിസഭയില്‍ അംഗമായിരുന്ന അബ്ദുല്‍ ഖനി ഖൊലി രജൗരി ജില്ലയില്‍ കാലാക്കോട്ടെ അസംബ്ലി മണ്ഡലത്തില്‍ നിന്നുമായിരുന്നു വിജയിച്ചത്. ഇദ്ദേഹം പിന്നീട് തിരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 2013 ല്‍ രാജസ്ഥാനിലെ ഡിദ്വാന അസംബ്ലി മണ്ഡലത്തില്‍ നിന്നും വിജയിച്ച യൂനസ് ഖാന്‍ വസുന്ധര രാജെസിന്ധ്യ മന്ത്രിസഭയില്‍ അംഗമായിരുന്നു. ഇദ്ദേഹത്തെ 2018 ല്‍ ട്രോങ്ക് മണ്ഡലത്തില്‍ രാജേഷ് പൈലറ്റ് പരാജയപ്പെടുത്തുകയുണ്ടായി. 2013ല്‍ രാജസ്ഥാനിലെ നാഗ്ഔര അസംബ്ലി മണ്ഡലത്തില്‍നിന്നും വിജയിച്ച ഹബീബുര്‍റഹ്മാന്‍ 2018ല്‍ പാര്‍ട്ടിവിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബി.ജെ.പിയുടെ ഏറ്റവും ഒടുവിലത്തെ മുസ്‌ലിം എം.എല്‍. എ ആയിരുന്ന അമീനുല്‍ ഹഖ് ലസ്‌കര്‍ അസമിലെ സൊനായില്‍ നിന്നുമാണ് വിജയിച്ചത്. 2019ല്‍ ഇദ്ദേഹം ഡെപ്യൂട്ടി സ്പീക്കറായി. 2021 ല്‍ ഇദ്ദേഹം എ.ഐ.യു.ഡി. എഫ് സ്ഥാനാര്‍ഥി കരീമുദ്ദീന്‍ ബാര്‍ബുയയോട് പരാജയപ്പെടുകയുണ്ടായി. അതിനിടയില്‍ ചില ദേശീയ മാധ്യമങ്ങള്‍ പശ്ചിമ ബംഗാളിലെ ബി.ജെ.പി നേതാവ് സൗമിത്ര ഖാനെ മുസ്‌ലിം പട്ടികയില്‍ ഉള്‍പ്പെടുത്തി വാര്‍ത്ത നല്‍കിയിരുന്നു. ഇദ്ദേഹം മുസ്‌ലിമല്ല. പട്ടിക വര്‍ഗ സംവരണ മണ്ഡലമായ ബിഷ്ണുപൂറില്‍ നിന്നും ജയിച്ച ലോക്‌സഭാംഗമാണ്. ഉത്തര ബംഗാളിനെ വിഭജിച്ചു ജംഗിള്‍ മഹല്‍ സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപെട്ടതോടെയാണ് സൗമിത്ര ഖാന്‍ വിവാദ നായകനായത്.

ഇന്ത്യയില്‍ ഏറ്റവുമധികം മുസ്‌ലിം എം.പി മാരുണ്ടായിരുന്നത് 1980 ലെ ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ കാലത്തായിരുന്നു. 1980 ല്‍ 49 മുസ്‌ലിം എം.പിമാര്‍ പാര്‍ലമെന്റില്‍ ഉണ്ടായിരുന്നു. 1984 ല്‍ അധികാരത്തിലെത്തിയ രാജീവ്ഗാന്ധി സര്‍ക്കാരിന്റെ കാലത്ത് പാര്‍ലമെന്റില്‍ 42 മുസ്‌ലിം എം.പിമാര്‍ ഉണ്ടായിരുന്നു. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ 15 ലും മുസ്‌ലിം പ്രാതിനിധ്യമില്ല. പത്തു സംസ്ഥാനങ്ങളില്‍ ഓരോ മുസ്‌ലിം മന്ത്രിമാര്‍ മന്ത്രിസഭയിലുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം മന്ത്രിമാരുള്ളത് പശ്ചിമ ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിലാണ്. ബംഗാളില്‍ ഏഴു മുസ്‌ലിം മന്ത്രിമാരാണുള്ളത്. ഇന്ത്യയില്‍ ഏറ്റവുമധികം മുസ്‌ലിംകള്‍ അധിവസിക്കുന്ന ഉത്തര്‍ പ്രദേശില്‍ ഭരണ കക്ഷിയായ ബി.ജെ.പിക്കു ഒരു മുസ്‌ലിം എം.എല്‍.എ പോലുമില്ല. ഒടുവില്‍ കൗണ്‍സിലിലൂടെ തിരഞ്ഞെടുത്ത ഡാനിഷ് അസിസ് അന്‍സാരിയെ മന്ത്രിയാക്കുകയായിരുന്നു. ഉത്തര്‍പ്രദേശ്, ഡല്‍ഹി, ബീഹാര്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ സംസഥാനങ്ങളില്‍ ഒറ്റ മുസ്‌ലിം മന്ത്രിയാണുള്ളത്. അസം, അരുണാചല്‍ പ്രദേശ്, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, ത്രിപുര, ഉത്തരാഖണ്ഡ്, ഗോവ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ മന്ത്രിസഭയില്‍ മുസ്‌ലിം പ്രാതിനിധ്യമില്ല.

Chandrika Web: