കൊച്ചി: അന്തരിച്ച ചലച്ചിത്ര നടിയും ടെലിവിഷന്‍ അവതാരകയുമായ സുബി സുരേഷിന്റെ സംസ്‌കാരം ഇന്ന്.സംസ്‌കാരം ഇന്ന് 3ന് ചേരാനല്ലൂര്‍ പൊതുശ്മശാനത്തില്‍ നടക്കും.രാജഗിരി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ എട്ട് മണിയോടെ വീട്ടിലേക്ക് കൊണ്ടു വരും. അതിനുശേഷം വരാപ്പുഴ പുത്തന്‍പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
കൊച്ചി രാജഗിരി ആശുപത്രിയില്‍ ഇന്നലെ രാവിലെ 10 മണിയോടെ ആയിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സുബി കരള്‍ മാറ്റിവെക്കലിന് വേണ്ട ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയായിരുന്നു അന്ത്യം. വരാപ്പുഴ കൂനമ്മാവിലാണ് സുബി താമസിക്കുന്നത്. അച്ഛന്‍: സുരേഷ്. അമ്മ: അംബിക. സഹോദരന്‍: എബി സുരേഷ്.
മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി സുരേഷ് കൊച്ചിന്‍ കലാഭവനിലൂടെയാണ് മുഖ്യധാരയിലേക്ക് വരുന്നത്. പിന്നീട് ടെലിവിഷന്‍ പരിപാടികളുടെ അവതാരകയായി തിളങ്ങി. സ്‌കൂള്‍ കാലത്ത് തന്നെ ഡാന്‍സിലൂടെ പേരെടുത്തിരുന്നു. സിനിമാല എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷന്‍ രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. സൂര്യ ടിവിയിലെ കൊച്ചുകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കുട്ടിപ്പട്ടാളം എന്ന പരിപാടി ജനപ്രിയമായിരുന്നു. രമേഷ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സാജന്‍ പള്ളുരുത്തി തുടങ്ങിയവരുടെ സംഘത്തിലെ പെണ്‍സാന്നിധ്യമായാണ് സുബി സുരേഷിനെ മലയാളികള്‍ അറിഞ്ഞുതുടങ്ങുന്നത്. എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ തത്ത, ഡ്രാമ എന്നിവയുള്‍പ്പെടെ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചു.