X
    Categories: indiaNews

കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ച  ശരദ് യാദവിന്റെ മകള്‍ പിന്നില്‍

പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച, ജെഡിയു മുന്‍ നേതാവ് ശരദ് യാദവിന്റെ മകള്‍ സുഭാഷിണി യാദവ് പിന്നില്‍. ബിഹാറിഗഞ്ച് മണ്ഡലത്തില്‍ നിന്നാണ് ഇവര്‍ ജനവിധി തേടിയിരുന്നത്. മുന്‍ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥി ചന്ദ്രശേഖര്‍ 20.5 ശതമാനം വോട്ടിന് ജയിച്ച മണ്ഡലമാണിത്.

പതിനൊന്നരയിലെ കണക്കുകള്‍ പ്രകാരം മുവ്വായിരത്തിലേറെ വോട്ടുകള്‍ക്ക് പിന്നിലാണ് ഇവര്‍. എതിര്‍ സ്ഥാനാര്‍ത്ഥി ജെഡിയുവിന്റെ നിരഞ്ജന്‍ കുമാര്‍ മേത്തയ്ക്ക് 9470 വോട്ടുകള്‍ കിട്ടിയപ്പോള്‍ സുഭാഷിണിക്ക് ലഭിച്ചത് 6213 വോ്ട്ടുകളാണ്.

അതിനിടെ, 42 മണ്ഡലങ്ങളില്‍ ഭൂരിപക്ഷം ആയിരത്തില്‍ താഴെയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 23 ഇടങ്ങളില്‍ ഭൂരിപക്ഷം അഞ്ഞൂറില്‍ താഴെയാണ്. അതു കൊണ്ടു തന്നെ ഏതു നിമിഷവും ലീഡ് നില മാറിമറിയുന്ന സാഹചര്യമാണ് ഉള്ളത്. 11.55ലെ കണക്കുകള്‍ പ്രകാരം 135 സീറ്റുകളിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്.

മഹാസഖ്യം 95 സീറ്റിലാണ് മുമ്പില്‍ നില്‍ക്കുന്നത്. ആദ്യഘട്ടത്തില്‍ മുമ്പില്‍ നിന്ന ശേഷമാണ് മഹാസഖ്യം പിന്നോട്ടു പോയത്. 13 ഇടത്ത മറ്റു പാര്‍ട്ടികള്‍ ലീഡ് ചെയ്യുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്‍ പ്രകാരം എന്‍ഡിഎ 119 സീറ്റിലാണ് മുമ്പില്‍ നില്‍ക്കുന്നത്. 122 സീറ്റാണ് ഭൂരിപക്ഷത്തിനു വേണ്ടത്.

അതിനിടെ, അന്തിമ ഫലത്തില്‍ മഹാസഖ്യം തന്നെ വിജയിക്കുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. പ്രാദേശിക വിഷയങ്ങള്‍ക്കാണ് ജനങ്ങള്‍ വോട്ടു ചെയ്തത് എന്നും മാറ്റം അവര്‍ ആഗ്രഹിക്കുന്നുണ്ട് എന്നും കോണ്‍ഗ്രസ് വക്താവ് പ്രണവ് ഝാ പറഞ്ഞു.

‘നിതീഷ് കുമാറിനെ നാണം കെടുത്താന്‍ ചിരാഗ് പാസ്വാനെ ഉപയോഗിക്കുകയായിരുന്നു ബിജെപി. ജെഡിയുവിന്റെ നേട്ടങ്ങള്‍ ഇല്ലാതാക്കാനുള്ള ഒരുപകരണം ആയാണ് ചിരാഗിനെ ഉപയോഗിച്ചത്. ബിജെപിയുടെ ഈ തന്ത്രം തിരിച്ചറിയാന്‍ ചിരാഗിനെ പോലുള്ള ഒരു യുവ നേതാവിന് കഴിഞ്ഞില്ല. മഹാഗട്ബന്ധന്റെ വോട്ടു കുറയ്ക്കാന്‍ ഉവൈസിയെയും ബിജെപി ബി ടീമായി ഉപയോഗിച്ചു. തെരഞ്ഞെടുപ്പില്‍ വിജയിക്കും. ജനവിധിക്കു ശേഷമുള്ള സഖ്യത്തിന്റെ ആവശ്യമില്ല’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ച് ആദ്യ ഫലസൂചനകള്‍ പുറത്തുവന്ന വേളയില്‍ തന്നെ ഭരണകക്ഷിയായ ജെഡിയു തോല്‍വി സമ്മതിച്ചു. ജനങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്നും ആര്‍ജെഡിയോ തേജസ്വി യാദവോ അല്ല, കോവിഡാണ് തങ്ങളെ തോല്‍പ്പിച്ചത് എന്നും പാര്‍ട്ടി വക്താവ് കെ.സി ത്യാഗി പറഞ്ഞു.

Test User: