X

മണ്ടത്തരം മതിയാക്കാത്ത സി.പി.എം- എഡിറ്റോറിയല്‍

രാഷ്ട്രീയ ദീര്‍ഘദൃഷ്ടി ഒട്ടുമില്ലാത്ത പാര്‍ട്ടിയാണ് സി.പി.എമ്മെന്ന വിലയരുത്തല്‍ അതിശയോക്തിപരമല്ല. വരും വരായ്കകള്‍ ആലോചിക്കാത്ത എടുത്തുചാട്ടങ്ങളും ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയാന്‍ സാധിക്കാത്ത രാഷ്ട്രീയ അന്ധതയും സി.പി.എമ്മിന്റെ പ്രധാന ബലഹീനതകളാണ്. ചിന്താപരമായ ശക്തിക്ഷയങ്ങള്‍ പാര്‍ട്ടിയെ പടുകുഴിയില്‍ വീഴ്ത്തിയ സന്ദര്‍ഭങ്ങള്‍ നിരവധിയുണ്ട്. ചരിത്രപരമായ മണ്ടത്തരങ്ങളെന്നാണ് സി.പി.എം അവയെ വിശേഷിപ്പിക്കാറുള്ളത്. സങ്കുചിത താല്‍പര്യങ്ങളോടെ തപ്പിത്തടഞ്ഞ് നീങ്ങുകയും ഇപ്പോള്‍ രാഷ്ട്രീയ വൃദ്ധസദനത്തില്‍ ഇടംപിടിക്കുകയും ചെയ്ത പാര്‍ട്ടി ഇന്ത്യന്‍ മതേതര മനസ്സിനെ ഏറെ മുറിവേല്‍പ്പിച്ചിട്ടുണ്ട്. കേരളത്തില്‍ മാത്രമായി ഒതുങ്ങുകയും അഖിലേന്ത്യാതലത്തില്‍ ഏറെ കൊട്ടിഘോഷിച്ച് നടത്താറുള്ള പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരിലെ ഒരു മൂലയില്‍ ആരുമറിയാതെ പിരിഞ്ഞുപോകുകയും ചെയ്യുമ്പോഴും പഴയ തെറ്റുകളില്‍ സി.പി.എമ്മിന് മനസ്താപമുള്ളതായി തോന്നുന്നില്ല. ഏത് ചെകുത്താനെ കൂട്ടുപിടിച്ചായാലും കോണ്‍ഗ്രസിനെ തകര്‍ക്കണമെന്ന മിനിമം രാഷ്ട്രീയ അജണ്ടയില്‍ മാത്രമായിരുന്നു സി.പി.എം ഇതുവരെയും സഞ്ചരിച്ചത്. ഇപ്പോള്‍ ബി.ജെ.പിയാണ് മുഖ്യശത്രുവെന്ന് പറയുമ്പോഴും അത് എത്രമാത്രം ആത്മാര്‍ഥമാണെന്ന് പരിശോധിക്കേണ്ടതുണ്ട്.

രാജ്യത്ത് വര്‍ഗീയ ശക്തികളുടെ വളര്‍ച്ചയില്‍ സി.പി.എമ്മിന് പ്രധാന പങ്കുണ്ടെന്ന വസ്തുത സഖാക്കള്‍ പോലും നിഷേധിക്കുമെന്ന് തോന്നുന്നില്ല. ദേശീയ രാഷ്ട്രീയത്തില്‍ അല്‍പമൊക്കെ പിടിപാടുള്ള കാലത്ത് പാര്‍ട്ടിക്ക് സംഭവിച്ച നയവ്യതിയാനങ്ങള്‍ക്കും ചിന്താവൈകല്യങ്ങള്‍ക്കും മതേതര സമൂഹം കനത്ത വിലയാണ് നല്‍കിയത്. ആ തെറ്റുകള്‍ ആകസ്മികമായിരുന്നില്ലെന്ന് ആര്‍ക്കും അനായാസം മനസ്സിലാകും. 1970കള്‍ മുതല്‍ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യവുമായി ഓടിനടന്ന സി.പി.എമ്മാണ് വര്‍ഗീയ ശക്തികള്‍ക്ക് വളരാനുള്ള നിലമൊരുക്കിയത്. ബംഗാളില്‍ ദീര്‍ഘകാലവും കേരളത്തില്‍ ഇടയ്ക്കിടെയും കിട്ടിയ ഭരണ സുഖം സി.പി.എം നേതാക്കളുടെ പ്രധാന നോട്ടം കേന്ദ്രത്തിലായിരുന്നു. അക്കാലത്ത് കമ്യൂണിസ്റ്റുകാരുടെ പാര്‍ലമെന്ററി മോഹങ്ങള്‍ക്ക് തടസ്സംനിന്ന കോണ്‍ഗ്രസിനെ എന്തു വില കൊടുത്തും താഴെയിറക്കാന്‍ ഏത് രാഷ്ട്രീയ നെറികേടുകള്‍ക്കും പാര്‍ട്ടി തയാറായി.

1984ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 426 സീറ്റുമായാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. അന്ന് ബി.ജെ.പിക്ക് കിട്ടിയത് രണ്ട് സീറ്റുകള്‍ മാത്രം. കോണ്‍ഗ്രസിന്റെ രക്തത്തിനുവേണ്ടി ദാഹിച്ചിരുന്ന സി.പി.എം 1989ല്‍ വി.പി സിങിന്റെ നേതൃത്വത്തില്‍ പുതിയ മുന്നണി രൂപംകൊണ്ടപ്പോള്‍ അവസരം മുതലെടുത്ത് പ്രവര്‍ത്തിച്ചു. അവര്‍ വി.പി സിങിന് പിന്തുണ നല്‍ല്‍കി. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെന്ന വര്‍ഗീയ പാര്‍ട്ടിയുടെ സീറ്റ് രണ്ടില്‍നിന്ന് 85 ആക്കി ഉയര്‍ത്തിക്കൊടുത്തത് സി.പി.എമ്മായിരുന്നു. കോണ്‍ഗ്രസിനെ കണ്ണീരു കുടിപ്പിക്കുന്നതില്‍ കവിഞ്ഞ് മറ്റൊന്നുകൊണ്ടും അവര്‍ തൃപ്തിപ്പെട്ടിരുന്നില്ല. 2008ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ അമേരിക്കയുമായി ആണവ കരാറില്‍ ഒപ്പുവെച്ചപ്പോഴും സി.പി.എം ബി.ജെ.പിയുമായി കൈകോര്‍ത്തു. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണെന്ന് വൈകിയാണ് സി.പി. എം മനസ്സിലാക്കിയത്. 2004ലെ ലോക്‌സഭയില്‍ സി.പി.എമ്മിന് 61 എം.പിമാരുണ്ടായിരുന്നെങ്കില്‍ 2009ല്‍ 32 ആയി ചുരുങ്ങി. 2014ല്‍ ഇടത് എം.പിമാര്‍ 12 ആയി താഴ്ന്നു. ഇപ്പോള്‍ മൂന്ന് എം.പിമാരാണ് സി.പി.എമ്മിനുള്ളത്. ഇന്ത്യയില്‍ സംഘ്പരിവാരത്തെ തോളിലേറ്റി നടന്നാല്‍ കിട്ടുന്ന ഫലം ഇത്രയും കയ്‌പേറിയതായിരിക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരിക്കല്ല.

ഇപ്പോള്‍ പല്ലു കൊഴിഞ്ഞ് കിളവനായി മൂലക്കിരിക്കുമ്പോഴും പഴയ കോണ്‍ഗ്രസ് വിരോധം സി.പി.എമ്മിനെ വേട്ടയാടുന്നുണ്ടെന്നാണ് കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ചകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വര്‍ഗീയ ശക്തികള്‍ പിടിമുറുക്കുകയും മതേതര പാര്‍ട്ടികള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുകയും ചെയ്യുന്ന വേളയിലും കോണ്‍ഗ്രസിനോട് ഇണങ്ങണോ പിണങ്ങണോ എന്നാണ് സി.പി.എമ്മിന്റെ പ്രധാന ആലോചന. കോണ്‍ഗ്രസിനോടുള്ള അത്ര വിരോധം ബി.ജെ.പിയോട് സി.പി.എമ്മിന് ഇപ്പോഴുമില്ല. ബി.ജെ.പി സര്‍ക്കാറിനെ ഫാസിസ്റ്റുകളായി കാണാന്‍ പാര്‍ട്ടി കോണ്‍ഗ്രസ് തയാറല്ലെന്നത് പാര്‍ട്ടിയുടെ രാഷ്ട്രീയ ചിന്തകള്‍ എത്രമാത്രം വിഷലിപ്തമാണെന്ന് തെളിയിക്കുന്നുണ്ട്. അനുഭവത്തില്‍നിന്ന് പാര്‍ട്ടി ഇനിയും പഠിക്കുമെന്ന് തോന്നുന്നില്ല. കേരളത്തിലെ ഭരണത്തിനുവേണ്ടി കോണ്‍ഗ്രസിനെ മുഖ്യശത്രുവായി കാണണമെന്ന് സംസ്ഥാന നേതാക്കള്‍ വാശി പിടിക്കുകയാണ്. പണവും അധികാരവും കയ്യിലുള്ളപ്പോള്‍ കേരളത്തിലെ സഖാക്കളെ മറികടന്ന് മുരളാന്‍ ദേശീയ നേതാക്കള്‍ക്കാവില്ല. ഇരുപതോളം സംസ്ഥാനങ്ങളില്‍ മുഖ്യ പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസിന് മതേതര കൂട്ടായ്മയിലുള്ള പങ്ക് വില കുറച്ചു കാണിക്കാന്‍ ശ്രമിക്കുന്നത് ആത്മഹത്യാപരമാണെന്ന് ഇനിയെങ്കിലും സി.പി.എം നേതാക്കള്‍ മനസ്സിലാക്കണം.

Test User: