X

കോവിഡ് രോഗികളില്‍ അമിത ഉത്കണ്ഠ വര്‍ധിക്കുന്നതായി പഠനം

കൊച്ചി: കോവിഡ് രോഗികളില്‍ പാനിക് അറ്റാക്ക് അഥവാ അമിതമായ ഉത്കണ്ഠ വര്‍ധിച്ചു വരുന്നതായി പഠനം. വിവാഹിതരില്‍ ഇത് കൂടുതലാണെന്നും കൊച്ചിയിലെ അമൃത ഹോസ്പിറ്റലില്‍ നടത്തിയ പഠനത്തില്‍ പറയുന്നു. കട്ട് ഓഫ് സ്‌കോര്‍ എട്ട്് ആയി നിശ്ചയിച്ച്, കോവിഡ് ബാധിതരായ 109 രോഗികളില്‍ നടത്തിയ പഠനത്തില്‍ 50.5 ശതമാനം പേര്‍ക്കും അമിതമായ ഉത്കണ്ഠ ഉള്ളതായാണ് കണ്ടെത്തിയത്. ഏഷ്യന്‍ പസഫിക് ജേണല്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിനില്‍ ഓഗസ്റ്റ് 30ന് പഠനം പ്രസിദ്ധീകരിച്ചിരുന്നു. ഹൃദയമിടിപ്പ് വര്‍ധിക്കല്‍, ശ്വാസതടസം, പേശികളുടെ പിരിമുറുക്കം, നെഞ്ചിലെ അസ്വസ്ഥതകള്‍, അമിതമായ വിയര്‍പ്പ് തുടങ്ങിയ ശാരീരിക ലക്ഷണങ്ങളോടൊപ്പം പെട്ടെന്നുണ്ടാകുന്ന അമിതമായ ആശങ്കയും വരാനിരിക്കുന്ന കാര്യങ്ങളെപ്പറ്റിയുള്ള ചിന്തകളും പാനിക് അറ്റാക്കിന്റെ ലക്ഷണങ്ങളാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ശ്വാസതടസവും നെഞ്ചുവേദനയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങളായതിനാല്‍ അമിതമായ ഉത്കണ്ഠ അനുഭവിക്കുന്നവരില്‍ പലരിലും ഇത് ഹൃദയാഘാതമായി കരുതാറുണ്ട്. എന്നാല്‍ ഇസിജി ഉള്‍പ്പടെയുള്ള പരിശോധനകളില്‍ പ്രവര്‍ത്തനങ്ങള്‍ സാധാരണമായിരിക്കും. അത്‌കൊണ്ട് ശരിയായ രോഗനിര്‍ണയം നടത്തേണ്ടത് വളരെ പ്രധാനമാണ്. ഒരു പാനിക് അറ്റാക്കിന്റെ ദൈര്‍ഘ്യം ഏതാനും സെക്കന്‍ഡുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ അനുഭവപ്പെടാം. എന്നാല്‍ സാധാരണയായി ലക്ഷണങ്ങള്‍ ആരംഭിച്ച് പത്ത് മിനിറ്റിനുള്ളില്‍ അതിന്റെ ഉച്ചസ്ഥായിയിലെത്തുകയും ഏകദേശം 30 മിനിറ്റ് വരെ നീണ്ടുനില്‍ക്കുകയും ചെയ്യും. തീവ്രതയോടെ പാനിക് അറ്റാക്ക് വരുമോയെന്ന ഭയമുണ്ടാകുകയും ചെയ്യുമ്പോഴാണ് പാനിക് ഡിസോര്‍ഡറിനുള്ള സാധ്യതയുണ്ടാകുന്നത്.

വിധേയരായവരില്‍ 54.3 ശതമാനം വിവാഹിതരായ രോഗികളിലും 32 ശതമാനം അവിവാഹിതരിലും പാനിക് ഡിസോര്‍ഡര്‍ കണ്ടത്തിയതായി പഠനത്തിന് നേതൃത്വം നല്‍കിയ കൊച്ചി അമൃത ഹോസ്പിറ്റലിലെ സൈക്യാട്രി ആന്‍ഡ് ബിഹേവിയര്‍ മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ലക്ഷ്മി കെ.പി പറഞ്ഞു. ഭാര്യയോ, ഭര്‍ത്താവോ മരിച്ചവരായ, പഠനവിധേയരായ എല്ലാ രോഗികളിലും ഈ അവസ്ഥതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പുരുഷന്മാരിലും സ്ത്രീകളിലും ജോലിയുള്ളവരും തൊഴില്‍രഹിതരുമായ രോഗികളിലും പാനിക് ഡിസോര്‍ഡറിന്റെ വ്യാപനം ഏതാണ്ട് തുല്യമാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. മറ്റ് ശാരീരിക മാനസിക രോഗങ്ങളുള്ള രോഗികളില്‍ പാനിക് ഡിസോര്‍ഡറിന്റെ വ്യാപനം കൂടുതലാണെന്നും പഠനത്തിലുണ്ട്. പുകവലിക്കാരില്‍ വ്യാപനം കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു.

Test User: