കൊച്ചി: മാസം തികയാതെയുള്ള പ്രസവവും, ഇതുമായി ബന്ധപ്പെട്ടുള്ള സങ്കീര്‍ണതകളും കൈകാര്യം ചെയ്യുന്നതില്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, അകാലജനനം പൂര്‍ണമായും പ്രതിരോധിക്കുന്നതിനുള്ള ശ്രമങ്ങള്‍ അപര്യാപ്തമാണെന്ന് മാസം തികയാതെയുള്ള പ്രസവത്തിലേക്ക് നയിക്കാവുന്ന രോഗാവസ്ഥകളെ പറ്റി കൊച്ചി അമൃത ആസ്പത്രി നടത്തിയ പഠനത്തില്‍ പറയുന്നു.
ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് വുമണ്‍സ് ഹെല്‍ത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്. അകാല പ്രസവങ്ങള്‍ കുറയ്ക്കുന്നതിലൂടെ നവജാതശിശുമരണങ്ങളും (28 ദിവസത്തില്‍ താഴെയുള്ള കുട്ടികള്‍ക്കിടയിലെ മരണം) ശൈശവ മരണങ്ങളും കുറയ്ക്കാന്‍ സാധിക്കും.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വര്‍ഷവും ഏകദേശം 15 ദശലക്ഷത്തോളം കുഞ്ഞുങ്ങള്‍ മാസം തികയാതെ ജനിക്കുന്നുണ്ട്. ഈ എണ്ണത്തില്‍ ഇപ്പോഴും വര്‍ധനവുണ്ടായിക്കൊണ്ടിരിക്കുകയാണ്. മാസം തികയാതെയുള്ള പ്രസവത്തിനുള്ള സാധ്യത ഗര്‍ഭധാരണ സമയത്ത് രക്തസമ്മര്‍ദം ഉണ്ടാകുന്ന സ്ത്രീകളില്‍ 15 മടങ്ങും, വിളര്‍ച്ചയുള്ള സ്ത്രീകളില്‍ 3 മടങ്ങ് വരെയും, യൂറിനറി ഇന്‍ഫെക്ഷന്‍ ഉള്ളവരില്‍ 4 മടങ്ങും, ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ ബാധിക്കുന്ന രോഗങ്ങളുള്ളവരില്‍ 3 മടങ്ങും കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തി. ഈ ഘടകങ്ങളെയെല്ലാം പ്രതിരോധിക്കുന്നതിലൂടെ അകാല പ്രസവമുണ്ടാക്കുന്ന സാമ്പത്തികവും സാമൂഹികവുമായ ബുദ്ധിമുട്ടുകളും ചെലവുകളും കുറയ്ക്കാനാകും.
ഗര്‍ഭ കാലഘട്ടത്തിലെ രക്താതിസമ്മര്‍ദ്ദം, വിളര്‍ച്ച മുതലായ രോഗാവസ്ഥകള്‍ പ്രാഥമിക ദ്വിതീയ ചികിത്സാ സൗകര്യങ്ങളുള്ള കേന്ദ്രങ്ങളില്‍ തന്നെ കണ്ടെത്തി അനുയോജ്യമായ ചികിത്സ നല്‍കുന്നതിലൂടെ അകാല പ്രസവങ്ങള്‍ സംഭവിക്കുന്നത് ഫലപ്രദമായി തടയാം എന്ന് ഈ പഠനം തെളിയിക്കുന്നതായി അമൃത ആസ്പത്രിയിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. എസ്. അശ്വതി പറയുന്നു.
2019 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് അമൃതയില്‍ ഇതു സംബന്ധിച്ച പഠനം നടത്തിയത്. നേരത്തെ തയ്യാറാക്കിയ പട്ടികയുടെ സഹായത്തോടെ 2016 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളിലെ ഡെലിവറി റൂം രേഖകളില്‍ നിന്ന് ഏകദേശം 391 സ്ത്രീകളുടെ ഡാറ്റയാണ് ശേഖരിച്ചത്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണത്തിന് പ്രധാന കാരണം മാസമെത്താതെയുള്ള ജനനത്തിന്റെ സങ്കീര്‍ണതകളാണെന്ന് പഠനത്തില്‍ പറയുന്നു. മാസം തികയാതെയുള്ള പ്രസവം നടന്ന അമ്മമാരില്‍ ഏകദേശം ഇരുപത് ശതമാനം (19.4 %) പേര്‍ക്ക് ഗര്‍ഭകാല രക്താതിസമ്മര്‍ദം (പ്രെഗ്‌നന്‍സി ഇന്‍ഡ്യൂസ്ഡ് ഹൈപ്പര്‍ ടെന്‍ഷന്‍) ഉണ്ടായിരുന്നതായും പഠനത്തില്‍ കണ്ടെത്തി. സാധാരണ പ്രസവം നടന്നവരില്‍ രണ്ടു ശതമാനം മാത്രമാണ് ഈ രോഗാവസ്ഥ കണ്ടെത്തിയത്.