X

വിദ്യാര്‍ത്ഥി ആത്മഹത്യകളുടെ മന:ശാസ്ത്രം- HEALTHCHANDRIKA

മുഹമ്മദ് അജീര്‍

വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ രാജ്യത്തുടനീളം ഉത്കണ്ഠാകുലമായ വിഷയമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ പുതിയ കണക്കുകള്‍ പ്രകാരം ഓരോ ദിനവും രാജ്യത്ത് 28 ല്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യചെയ്യുന്നുണ്ട്. 15 മുതല്‍ 25 വയസ്‌വരെ പ്രായമുള്ളവരില്‍ ഏറ്റവും ഉയര്‍ന്ന ആത്മഹത്യാനിരക്കുള്ള രാജ്യമാണ് ഇന്ത്യ. 2020 വര്‍ഷത്തിലെ മാത്രം കണക്കുകള്‍ അടിസ്ഥാനപ്പെടുത്തി പരിശോധിക്കുമ്പോള്‍ 14000 വിദ്യാര്‍ത്ഥികളാണ് പല കാരണങ്ങളാല്‍ ജീവിതം അവസാനിപ്പിച്ചത്. ഇതില്‍ 11000 വിദ്യാര്‍ത്ഥികളും പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു. 2019 നെ അപേക്ഷിച്ച് 21 ശതമാനം വര്‍ധനവ് വിദ്യാര്‍ത്ഥി ആത്മഹത്യകളില്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആത്മഹത്യ ചെയ്തവരുടെ മേഖലകള്‍ അടിസ്ഥാനപ്പെടുത്തി കണക്കുകള്‍ തിരിക്കുമ്പോള്‍ ഇന്ത്യയില്‍ നടന്ന ആത്മഹത്യകളില്‍ 8.2 ശതമാനം പങ്കും വിദ്യാര്‍ത്ഥികളുടേതാണ്. രാജ്യത്തിലെ വിദ്യാര്‍ത്ഥികളുടെ ജീവിതം എത്രമാത്രം അരക്ഷിതാവസ്ഥയിലൂടെയാണ് കടന്ന്‌പോകുന്നതെന്ന് മനസ്സിലാക്കാന്‍ ഈ കണക്കുകള്‍ മാത്രം മതി.
പല കാരണങ്ങള്‍ കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് എത്തിച്ചേരുന്നത്. പരീക്ഷകളിലെ പരാജയം, സമപ്രായക്കാരോട് മത്സരിക്കുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം, രക്ഷിതാക്കളുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് പ്രകടനം നടത്താന്‍ കഴിയാതെ വരുമ്പോഴുണ്ടാകുന്ന വിഷമം, അധ്യാപകരുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന പീഡനം, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവ അവയില്‍ ചിലത് മാത്രമാണ്. 2020 ല്‍ 4000 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തത് പരീക്ഷകളില്‍ പരാജയപ്പെട്ട കാരണം കൊണ്ടായിരുന്നു. മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് ഡയറക്ടര്‍ ശാലിനി ഭരത്തിന്റെ അഭിപ്രായപ്രകാരം വിദ്യാര്‍ത്ഥി ആത്മഹത്യകളുടെ പ്രാഥമിക കാരണം മറ്റുള്ളവരെ മറികടന്ന് മുന്നേറാനുള്ള സമ്മര്‍ദ്ദമാണെന്നതാണ്. എന്നാല്‍, ഇതിനെല്ലാം അപ്പുറം വര്‍ധിച്ചുവരുന്ന വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ക്ക് പിന്നില്‍ വലിയൊരു കാരണമുണ്ട്. അത് കൃത്യമായ മാനസികാരോഗ്യ പരിചരണത്തിന്റെ അഭാവമാണ്. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്ന് കേട്ടാല്‍ ഭ്രാന്താണെന്ന് ഒളിഞ്ഞും തെളിഞ്ഞും പറയുന്ന വലിയൊരു വിഭാഗം ഇന്നും സമൂഹത്തിലുണ്ട്. മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ സ്വഭാവവും കാരണങ്ങളും അതിനുള്ള പ്രതിവിധികളെയും കുറിച്ച് യാതൊരു വിവരവുമില്ലാത്ത അത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ മാനസികമായ ബുദ്ധിമുട്ടുകള്‍ നേരിടുന്ന വ്യക്തിക്ക് ഉണ്ടാക്കുന്ന വിഷമങ്ങള്‍ ചെറുതല്ല. വിദഗ്ധരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ പല കാരണങ്ങളാലും ഒരു കാരണവും ഇല്ലാതെയും മാനസികമായ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായേക്കും. മെന്റല്‍ ഹെല്‍ത്ത് സര്‍വേ റിപ്പോര്‍ട്ട്പ്രകാരം ഏകദേശം 56 മില്യണോളം ഇന്ത്യയിലെ ജനങ്ങള്‍ മാനസികമായ പ്രശനങ്ങളാല്‍ ബുദ്ധിമുട്ടുന്നവരാണ്. അതായത്, ഏഴില്‍ ഒരാള്‍ക്ക് വിഷാദമോ അല്ലെങ്കില്‍ മാനസികമായ ഏതെങ്കിലും തരത്തിലുള്ള പ്രശനങ്ങളോ ഉണ്ടെന്നാണ് കണക്കുകള്‍ സമര്‍ത്ഥിക്കുന്നത്. ദി സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലൊപ്പിങ് സൊസൈറ്റി നടത്തിയ പഠന പ്രകാരം ഇന്ത്യയിലെ പത്തില്‍ നാല് വിദ്യാര്‍ത്ഥികളും പല വിധത്തിലുള്ള മാനസികാരോഗ്യ പ്രശനങ്ങള്‍ നേരിടുന്നവരാണ്. കാരണം, 13 വയസ് മുതല്‍ 20 വയസ് വരെയുള്ള പ്രായം കുട്ടികളുടെ ഹോര്‍മോണല്‍ മാറ്റങ്ങളുടെ സമയമാണ്. ആ സമയത്ത് ഉണ്ടാകുന്ന ഏത് പിരിമുറുക്കങ്ങളും കുട്ടികളുടെ മാനസികാരോഗ്യത്തെ സാരമായി തന്നെ ബാധിക്കും. കുട്ടികളുടെ പ്രതികരണങ്ങള്‍ അത്തരം സമയങ്ങളില്‍ ഏത് നിലയിലാണ് സംഭവിക്കുകയെന്ന് പ്രവചിക്കാന്‍ കഴിയില്ല. ആത്മഹത്യാശ്രമം കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്നതും ഇക്കാരണം കൊണ്ടാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് നടത്തിയ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം 11 ശതമാനം കോളജ് വിദ്യാര്‍ത്ഥികളും 8 ശതമാനം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളും ആത്മഹത്യാശ്രമം നടത്തിയവരാണെന്ന്കൂടി വ്യക്തമാകുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തിന് നല്‍കേണ്ട ശ്രദ്ധ എത്രമാത്രം അത്യാവശ്യമാണെന്ന് മനസ്സിലാക്കാം.
ഇത്ര ഗുരുതരമായ കണക്കുകള്‍ കണ്‍ മുന്നിലുണ്ടാകുമ്പോഴും നിരുത്തരവാദിത്തപരവും വിഷയത്തില്‍നിന്നും ഒളിച്ചോടുന്നതുമായ അധികൃതരുടെ സമീപനമാണ് പ്രശ്‌നത്തെ അത്യന്തം വഷളാക്കുന്നത്. ഹെല്‍ത്ത് കെയര്‍ ബജറ്റിന്റെ ഒരു ശതമാനം പോലും മാനസികാരോഗ്യ സംരക്ഷണത്തിനായി മാറ്റിവെക്കാന്‍ സന്നദ്ധത കാണിക്കാത്ത ഗവണ്‍മെന്റും, വിദ്യാര്‍ത്ഥി ആത്മഹത്യകളെ തുടര്‍ന്ന് കോളജ് ഹോസ്റ്റലില്‍ നിന്നും സീലിംഗ് ഫാനുകള്‍ മുഴുവന്‍ എടുത്തൊഴിവാക്കി പരിഹാരമായെന്ന് വിശ്വസിച്ച കോളജ് മാനേജ്‌മെന്റും ചില ഉദാഹരണങ്ങളാണ്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ എന്‍.സി.ഇ.ആര്‍.ടി എല്ലാ വിദ്യാലയങ്ങളോടും ഒരു മാനസികാരോഗ്യ ഉപദേശക സമിതി രൂപീകരിച്ചു പ്രവര്‍ത്തിക്കാന്‍ 2022 സെപ്റ്റംബറില്‍ ഔദ്യോഗിക നിര്‍ദേശം ഇറക്കിയെങ്കിലും ഇന്നും ബഹുഭൂരിപക്ഷം സ്‌കൂളുകളും പ്രസ്തുത രൂപീകരണത്തിന് തയ്യാറായിട്ടില്ല. ഈയൊരവസരത്തില്‍ പാശ്ചാത്യ വിദ്യാഭ്യാസശൈലിയുടെ മാനസികാരോഗ്യ പരിചരണ സമീപനം ഏറെ ശ്രദ്ധ ക്ഷണിക്കുന്നു. എഡ്യൂക്കേഷണല്‍ കൗണ്‍സിലറുടെ സേവനം, മാനസികാരോഗ്യ ശുശ്രൂഷാസംവിധാനങ്ങള്‍, മാനസികാരോഗ്യ സംരക്ഷണ ക്ലാസുകള്‍ എന്നിങ്ങനെ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണപരമായ നിരവധി സൗകര്യങ്ങള്‍ അവിടങ്ങളില്‍ ലഭ്യമാണ്. ഒരു രാജ്യത്തിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട പരിഗണനയെയും പ്രാധാന്യത്തെയും കൂടിയാണ് അവ ബോധ്യപ്പെടുത്തുന്നത്. ഇത്തരമൊരു സംവിധാനവും നമുക്ക് ലഭ്യമല്ല എന്ന് മാത്രമല്ല വിദ്യാര്‍ത്ഥികളുടെ മാനസികമായ സൗഖ്യത്തെ പരിശോധിക്കാനും ഉറപ്പുവരുത്താനുമുള്ള ഒരു സാധ്യതകളും പ്രമുഖ സ്ഥാപനങ്ങളിലുള്‍പ്പെടെ വലിയൊരു ശതമാനം വിദ്യാലയങ്ങളിലും ഇല്ല.
അത്തരം സംവിധാനങ്ങള്‍ ഉണ്ടാകുമ്പോഴാണ് കുട്ടികള്‍ക്ക് മനസ്സ് തുറക്കാന്‍ സാധിക്കുകയുള്ളൂ. സമൂഹത്തില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സൃഷ്ടിക്കപ്പെട്ട ഒരു തരം ‘നെഗറ്റീവ് സ്റ്റിഗ്മ’ നിലനില്‍ക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഇത്തരം കാര്യങ്ങള്‍ മാതാപിതാക്കളുമായി പങ്കുവയ്ക്കാന്‍ പോലും മടിക്കുന്നു. ഈ സ്ഥിതിവിശേഷങ്ങള്‍ മാറണമെങ്കില്‍ മാതാപിതാക്കളും അധ്യാപകരും തന്നെയാണ് മുന്‍കൈ എടുക്കേണ്ടത്. പി.ടി.എ മീറ്റിംഗുകള്‍ കുട്ടികളുടെ മാനസികാരോഗ്യ സംരക്ഷണ ചര്‍ച്ചകള്‍ക്ക്കൂടിയുള്ള വേദിയായിമാറ്റി സമഗ്ര സമീപനം എത്രയും വേഗം സ്വീകരിക്കപ്പെടേണ്ടതുണ്ട്. ക്യാമ്പസിനുള്ളില്‍ മാനസികാരോഗ്യ പരിചരണ കേന്ദ്രം, വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓണ്‍ലൈന്‍ മെന്റല്‍ ഹെല്‍ത്ത് കൗണ്‍സിലിംഗ് സേവനങ്ങള്‍, എമര്‍ജന്‍സി ഹോട്‌ലൈന്‍ നമ്പര്‍, സെമിനാറുകള്‍, വര്‍ക്‌ഷോപ്പുകള്‍ എന്നിങ്ങനെയുള്ള വിശാലമായ പാക്കേജുകളാണ് സമീപ ദിവസങ്ങളിലായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് ഉള്‍പ്പെടെയുള്ള ചില സര്‍വകലാശാലകള്‍ പ്രഖ്യാപിച്ചത്. ഇത്തരം നിലവാരമുള്ള മാറ്റങ്ങളാണ് വിദ്യാലയങ്ങളില്‍ ഉണ്ടാവേണ്ടത്. മെന്റല്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ക്ലാസുകള്‍ സ്‌കൂളുകളില്‍ നിര്‍ബന്ധമായും ഉറപ്പാക്കണം.

 

Chandrika Web: