പരീക്ഷയ്ക്ക് മുമ്പ് മുസ്‌ലിം സമുദായത്തില്‍ പെടുന്ന വിദ്യാര്‍ത്ഥികളുടെ ഹിജാബ് അഴിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് പ്രിന്‍സിപ്പലിനെ സ്ഥാനത്ത് നിന്നുമാറ്റിയതായി റിപ്പോര്‍ട്ട്. പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് പരീക്ഷാ സെന്റര്‍ സൂപ്പര്‍വൈസറായാണ് സ്ഥാനമാറ്റം. ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം.
ഉത്തരങ്ങള്‍ കയ്യില്‍ എഴുതി സ്‌കൂളിലെത്തിയെ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയതിന് പിന്നാലെയാണ് സംഭവം നടന്നതെന്ന് ബറൂച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സ്വാതി റാവുള്‍ പ്രതികരിച്ചു.
തുടര്‍ന്ന് പരീക്ഷ നടക്കുന്ന കേന്ദ്രത്തിലെ അഡ്മിനിസ്‌ട്രേറ്റര്‍ ഹിജാബ് ധരിച്ച എല്ലാ വിദ്യാര്‍ത്ഥികളോടും പരീക്ഷയ്ക്ക് മുമ്പ് അവ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് സ്വാതി റാവുള്‍ പറഞ്ഞു. സാധാരണയായി എല്ലാ വിദ്യാര്‍ത്ഥികളും പരീക്ഷയ്ക്ക് മുമ്പ് ഹിജാബ് നീക്കം ചെയ്യാറുണ്ടെന്ന് റാവുള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ പരീക്ഷയ്ക്ക് ധരിക്കേണ്ട വസ്ത്രങ്ങളെക്കുറിച്ച് പ്രത്യേക നിയമങ്ങളൊന്നുമില്ലെന്നും വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ ഏത് വസ്ത്രവും ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ജി.എസ്.എച്ച്.എസ്.ഇ.ബി പരീക്ഷാ ഡയറക്ടര്‍ എം.കെ. റാവല്‍ പറഞ്ഞു. കോപ്പിയടി തടയുന്നതിനായി വിദ്യാര്‍ത്ഥികളുടെ മത വികാരം വ്രണപ്പെടുത്തുന്നതും ചൂഷണം ചെയ്യുന്നതും അംഗീകരിക്കാന്‍ കഴിയില്ലെന്ന് റാവല്‍ വ്യക്തമാക്കി.