സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: സംഘപരിവാര്‍ സംഘടനകള്‍ക്കൊപ്പം ചേര്‍ന്ന് ഉത്തര്‍പ്രദേശ് പോലീസ് അലിഗര്‍ മുസ്ലിം സര്‍വ്വകലാശാല വിദ്യര്‍ഥികളെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്നും ഇത് അവസാനിപ്പിക്കാന്‍ നടപടികളുണ്ടാവണമെന്നു ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം മൂന്നാം ദിനത്തിലേക്ക് കടന്നു. കാമ്പസില്‍ വിദ്യാര്‍ഥി യൂണിയന്‍ സംഘടിപ്പിച്ച പരിപടിയുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളുടെ പേരില്‍ രാജ്യദ്രോഹകുറ്റമടക്കം ചാര്‍ത്തി 14 വിദ്യാര്‍ഥികള്‍ക്കെതിരെ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തിരുന്നു. നാലു വിദ്യര്‍ഥികള്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്.
പ്രാഥമിക അന്വേഷണത്തില്‍ രാജ്യദ്രോഹ കുറ്റം നിലനില്‍ക്കാന്‍ മതിയായ തെളിവുകള്‍ ലഭ്യമല്ലെന്നു പോലീസ് കണ്ടെത്തിയിരുന്നു. ചരിത്ര പ്രസിദ്ധമായ ബാബ് എ സര്‍സയ്യിദിന് മുന്നിലാണ് വിദ്യാര്‍ഥികള്‍ സമരം നടത്തുന്നത്. മജ്‌ലിസ് ഇത്തിഹാദെ മുസ്ലിമൂന്‍ നേതാവ് ഹൈദരബാദ് എംപി അസദുദ്ദിന്‍ ഉവൈസി ക്യാംപസില്‍ എത്താന്‍ സാധ്യതയുണ്ടന്നുള്ള വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്നാണ് അക്രമണങ്ങള്‍ അരങ്ങേറിയത്. എംപി പരിപാടിക്കെത്തിയിരുന്നില്ല. യൂണിയന്‍ സംഘടിപ്പിച്ച ഇന്‍ഡോര്‍ യോഗം തങ്ങള്‍ക്ക് ഷൂട്ട് ചെയ്യണെമെന്ന് റിപ്പബ്ലിക്ക് ടീവി റിപോര്‍ട്ടര്‍ വാശിപിടിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളും റിപ്പബ്ലിക്ക് ടീവി മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റത്തിലേക് വഴിമാറി. എന്നാല്‍ പിന്നീട് സംഘടിച്ചെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അക്രമമഴിച്ചുവിടുകയായിരുന്നു. യുവമോര്‍ച്ചാ ജില്ലാ നേതാവിന്റെ പരാതിയില്‍ വിദ്യാര്‍ഥി യൂണിയന്‍ നേതാവിനെയടക്കം പ്രതി ചേര്‍ത്ത് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ക്ലാസ്സുകള്‍ മുടങ്ങിയിരിക്കുകയാണ്. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്നാണ് വിവരം.