X

സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന സ്വാശ്രയ കോളജുകളുടെ പട്ടിക സമര്‍പ്പിക്കണം

കൊച്ചി: വിദ്യാര്‍ഥി സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സ്വാശ്രയ കോളജുകളുടെ പട്ടിക തയാറാക്കി സമര്‍പ്പിക്കാന്‍ ജസ്റ്റിസ് കെ.കെ. ദിനേശന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. സ്വാശ്രയ കോളജുകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങ്ങിലാണ് വിദ്യാര്‍ഥി സംഘടനകളോട് ഈ നിര്‍ദേശം.

കോളജുകളില്‍ വിദ്യാര്‍ഥി സംഘടനായ സ്വാതന്ത്രം നിഷേധിക്കപ്പെടുന്നതായും ഇതാണ് പ്രതിസന്ധികള്‍ രൂക്ഷമാകാന്‍ കാരണമാകുന്നതെന്നും വിദ്യാര്‍ഥി സംഘടനകള്‍ കമ്മീഷനെ അറിയിച്ചു. ഡ്രസ് കോഡ്, ഇന്റേണല്‍ മാര്‍ക്ക് തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടികാട്ടി വിദ്യാര്‍ഥികളെ കോളജ് മാനേജ്‌മെന്റുകള്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്തെ ഭൂരിഭാഗം കോളജുകളിലും വിദ്യാര്‍ഥികള്‍ക്ക് സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അറിയുന്നതിനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സ്വാശ്രയ കോളജുകളില്‍ സംഘടനാ രാഷ്ട്രീയം ആവശ്യമാണെന്നും വിവിധ വിദ്യാര്‍ഥി സംഘടനകളെ പ്രതിനിധീകരിച്ചെത്തിയവര്‍ പറഞ്ഞു.
അതേസമയം വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ അവര്‍ നേരിട്ടെത്തി അറിയിച്ച് പരാതി എഴുതി നല്‍കണമെന്നും കോളജുകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തു പോയവര്‍ക്കും കമ്മീഷനില്‍ പരാതി നല്‍കാമെന്നും ജസ്റ്റീസ് കെ.കെ. ദിനേശന്‍ പറഞ്ഞു. പരാതികള്‍ പരിശോധിച്ച ശേഷം വിവിധ കോളജ് മാനേജുമെന്റുകളുടെ വിശദീകരണം ആരായും അതിനുശേഷം കമ്മീഷന്‍ സര്‍ക്കാരിലേക്ക് നിര്‍ദ്ദേശം സമര്‍പ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. സംഘടനാ പ്രതിനിധികളോട് ഏത് തരത്തിലുള്ള സംഘടനാ രാഷ്ട്രീയമാണ് ആഗ്രഹിക്കുന്നതെന്ന കമ്മീഷന്റെ ചോദ്യത്തിന് രാഷ്ട്രീയ സംഘനകളുടെ പ്രത്യയശാസ്ത്രം അനുസരിച്ചുള്ള വിദ്യാര്‍ഥി സംഘടനകളാണ് തങ്ങള്‍ക്ക് ആവശ്യമെന്നും മാനേജ്‌മെന്റുകളുടെ ഇഛക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കളിപ്പാവകളാകുന്ന സംഘടനകളോട് താത്പര്യമില്ലെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

chandrika: