X

മുസ്‌ലിം ഉടമസ്ഥതയിലുള്ള സർവകലാശാലയിലെ വിദ്യാർത്ഥികൾ സർക്കാർ ജോലിക്ക് അപേക്ഷിക്കരുത്; അസം മുഖ്യമന്ത്രി

മേഘാലയിലെ മുസ്‌ലിം ഉടമസ്ഥതയിലുള്ള സർവകലാശാലയിലെ വിദ്യാർത്ഥികൾ അസം സംസ്ഥാന സർക്കാർ ജോലി തസ്തികയിലേക്ക് അപേക്ഷിക്കുന്നത് തടയാൻ ശ്രമിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ.

‘മേഘാലയയിലെ സയൻസ് ആന്റ് ടെക്‌നോളജി സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ വിദ്യാർത്ഥികളെ അസം സംസ്ഥാന സർക്കാരിലെ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിൽ നിന്ന് വിലക്കാനുള്ള എല്ലാ ശ്രമങ്ങളും ഞാൻ നടത്തുന്നതാണ്. അവർക്ക് അസം സംസ്ഥാന സർക്കാരിന്റെ തസ്തികയിലേക്ക് മത്സരിക്കണമെങ്കിൽ മറ്റൊരു പരീക്ഷ കൂടി എഴുതേണ്ടതായി വരും,’ അദ്ദേഹം പ്രസ്താവിച്ചു.

അസമിലെ കരിംഗഞ്ച് ജില്ലയിൽ നിന്നുള്ള ബംഗാളി വംശജനായ മുസ്‌ലിം വിഭാഗത്തിൽ പെട്ട മഹ്ബുബുൾ ഹോക്കിൻ്റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ ഫൗണ്ടേഷനാണ് മേഘാലയിൽ സയൻസ് ആന്റ് ടെക്‌നോളജി സർവകലാശാല നടത്തുന്നത്. മേഘാലയിലെ റി ഭോയ് ജില്ലയിലാണ് സ്വകാര്യ സർവ്വകലാശാല പ്രവർത്തിക്കുന്നത്.

ആഗസ്റ്റ് 5 ന് ഗുവാഹത്തിയിലുണ്ടായ വെള്ളപ്പൊക്കത്തിന് സയൻസ് ആന്റ് ടെക്‌നോളജി സർവകലാശാലയാണ് ഉത്തരവാദികളെന്ന് ഈ മാസം ആദ്യം ശർമ അവകാശപ്പെട്ടിരുന്നു. പിന്നാലെയാണ് അദ്ദേഹത്തിന്റെ പുതിയ പരാമർശം.

നഗരത്തിലെ മരങ്ങൾ വെട്ടിയും കുന്നുകൾ ഇടിച്ച് നിരത്തിയുമാണ് അവർ സർവകലാശാല നിർമിച്ചതെന്നും സയൻസ് ആൻഡ് ടെക്നോളജി സർവകലാശാല പ്രളയ ജിഹാദ് ഉണ്ടാക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മുൻ പ്രസ്താവന. വെള്ളപ്പൊക്കം ഉണ്ടായ ഗുവാഹത്തിയുടെ പ്രാന്തപ്രദേശത്ത് നിന്ന് ഏകദേശം ആറ് കിലോമീറ്റർ അകലെയാണ് കാമ്പസ്.

മേഘാലയിലെ വിദ്യാർത്ഥികൾ സർക്കാർ തസ്തികകയിൽ മത്സരിക്കുന്നതിനാൽ തങ്ങളുടെ വിദ്യാർത്ഥികൾക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം.

‘ഗുവാഹത്തിയിലെയും ദിബ്രുഗഢ് സർവകലാശാലയിലെയും ഞങ്ങളുടെ വിദ്യാർത്ഥികൾ ഇതുമൂലം കഷ്ടപ്പെടുന്നു. അവർ അസമിലെ സർക്കാർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നു. അതുകൊണ്ടാണ് ഞാൻ ഇത് പരിശോധിക്കാൻ നിയമ വകുപ്പിനോട് ആവശ്യപ്പെട്ടത്. മേഘാലയ സയൻസ് ആൻഡ് ടെക്നോളജി സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് അസമിൽ ജോലി വേണമെങ്കിൽ, അവർ മറ്റൊരു പരീക്ഷ കൂടി എഴുതേണ്ടി വരും,’ ശർമ പറഞ്ഞു.

അതോടൊപ്പം മേഘാലയിൽ നിന്നുള്ള വെള്ളം തന്റെ സംസ്ഥാനത്തേക്ക് ഒഴുകി വരുന്നതിനെക്കുറിച്ച് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയോയോട് താൻ ആശങ്ക ഉന്നയിച്ചിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

‘നെതർലൻഡ്‌സിൽ നിന്നുള്ള ഒരു വിദഗ്ധ സമിതിക്ക് ഇവിടെ ഡീപോർ ബീൽ തടാകത്തിലേക്ക് വെള്ളം തിരിച്ചുവിടാൻ ചുമതല നൽകിയിട്ടുണ്ട്. റൂർക്കിയിലെയും ഗുവാഹത്തിയിലെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജീസിൽ നിന്നുള്ള വിദഗ്‌ധരെക്കൊണ്ട് ഇക്കാര്യം പരിശോധിപ്പിക്കും,’ ശർമ പറഞ്ഞു.

ജോറാബത്തിൽ നിന്നുള്ള വെള്ളത്തിൻ്റെ പ്രശ്‌നം ചർച്ച ചെയ്യാൻ മേഘാലയയിലെയും അസമിലെയും സർക്കാരുകൾക്കിടയിൽ ഒരു സംയുക്ത സമിതി രൂപീകരിക്കാൻ കോൺറാഡ് സാങ്മ നിർദേശിച്ചിട്ടുണ്ട്.

webdesk13: