X

പശുക്കടത്ത് ആരോപിച്ച് വിദ്യാർഥിയുടെ കൊലപാതകം; പ്രധാനമന്ത്രിയുടെ മൗനം ചോദ്യം ചെയ്ത് കപിൽ സിബൽ

പശുക്കടത്ത് ആരോപിച്ച് പ്ലസ്ടു വിദ്യാർഥിയെ ഗോരക്ഷാ ഗുണ്ടകൾ കൊലപ്പെടുത്തിയതിൽ പ്രധാനമന്ത്രി അടക്കമുള്ളവർ മൗനം തുടരുന്നത് ചോദ്യം ചെയ്ത് രാജ്യസഭാ എംപി കപിൽ സിബൽ. ”നാണക്കേട്…പ്ലസ്ടു വിദ്യാർഥിയായ ആര്യൻ മിശ്രയെ പശുക്കടത്ത് സംശയിച്ച് ഗോരക്ഷകർ വെടിവെച്ചു കൊന്നു. വെറുപ്പിന്റെ അജണ്ട പ്രോത്സാഹിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ആഭ്യന്തരമന്ത്രിയും മൗനം വെടിയണം”-കപിൽ സിബൽ എക്‌സിൽ കുറിച്ചു.

ആഗസ്റ്റ് 23നാണ് ഫരീദാബാദിൽ അഞ്ചംഗ സംഘം വിദ്യാർഥിയെ അടിച്ചുകൊന്നത്. പ്രതികളായ സൗരഭ്, അനിൽ കൗശിക്, വരുൺ, കൃഷ്ണ, ആദേശ് എന്നിവരെ 28ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എസ്.യു.വിയിൽ പശുക്കടത്ത് നടത്തുന്നുവെന്ന് വിവരം ലഭിച്ച് എത്തിയതായിരുന്നു തങ്ങളെന്നും തെറ്റിദ്ധരിച്ചാണ് ആര്യൻ മിശ്രയെ കൊലപ്പെടുത്തിയതെന്നുമാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. 30 കിലോമീറ്ററോളം ആര്യനെയും സുഹൃത്തുക്കളെയും പിന്തുടർന്നിരുന്നുവെന്നും ഇവർ പറഞ്ഞു.

അതേസമയം കൊല്ലപ്പെട്ട ആര്യൻ മിശ്രയുടെ പിതാവ് സിയാനന്ദ് മിശ്ര പ്രതിയായ അനിൽ കൗശികിനെ ജയിലിൽ സന്ദർശിച്ചിരുന്നു. അനിൽ കൗശിക് തന്റെ കാലിൽ തൊട്ട് മാപ്പ് ചോദിച്ചു. തന്റെ മകൻ മുസ് ലിമാണെന്ന് കരുതിയാണ് അവൻ കൊന്നത്. ഒരു ബ്രാഹ്മണനെ കൊന്നതിൽ അവൻ ഇപ്പോൾ ഖേദിക്കുന്നുണ്ടെന്നും മകന്റെ കൊലയാളിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സിയാനന്ദ് മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.

ആഗസ്റ്റ് 27ന് ആര്യന്റെ സംസ്‌കാരചടങ്ങുകൾക്കായി കുടുംബം പ്രയാഗ്‌രാജിൽ എത്തിയപ്പോഴാണ് സിയാനന്ദ് മിശ്രക്ക് പൊലീസിന്റെ ഫോൺ വന്നത്. കൊലപാതകത്തിൽ ഗോരക്ഷാഗുണ്ടകൾക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചപ്പോൾ അത് വിശ്വസിക്കാൻ ആദ്യം മിശ്ര തയ്യാറായിരുന്നില്ല. മാത്രമല്ല, ആ വിവരം പുറത്തുവിടരുതെന്ന് പൊലീസിനോട് അപേക്ഷിക്കുകയും ചെയ്തു. പ്രതികളുമായി സംസാരിക്കണമെന്നും കാണാൻ അവസരമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്നാണ് കുറ്റവാളികളെ കാണാൻ പൊലീസ് സൗകര്യമൊരുക്കിയത്.

webdesk13: