X

സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ കുറയുന്നു

തിരുവനന്തപുരം: 2022-23 അദ്ധ്യയനവര്‍ഷം സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 1,4,10 ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ കുറഞ്ഞു. എയ്ഡഡ് വിദ്യാലയങ്ങളില്‍ 1,4,7,10 ക്ലാസുകളിലാണ് വിദ്യാര്‍ത്ഥികളുടെ കുറവ്. മറ്റു ക്ലാസുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടിയെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ അവകാശവാദം.

സംസ്ഥാന തലത്തില്‍ പൊതുവിദ്യാലയങ്ങളില്‍ ഏറ്റവുമധികം കുട്ടികള്‍ പുതുതായി പ്രവേശനം നേടിയത് 5ാം ക്ലാസിലും (32,545) തുടര്‍ന്ന് 8ാം ക്ലാസിലുമാണ് (28,791).അംഗീകൃത അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ ഈ അധ്യയന വര്‍ഷത്തെ കുട്ടികളുടെ എണ്ണം, കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ എല്ലാ ക്ലാസുകളിലും കുട്ടികളുടെ കുറവാണ്.സ്‌കൂള്‍ തുറന്ന് 6ാം പ്രവൃത്തിദിന കണക്കുകള്‍ പ്രകാരമാണിത്. സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങളിലെ 1 മുതല്‍ 10 വരെ ക്ലാസ്സുകളിലായി ആകെ 38,32,395 കുട്ടികളാണ് ഉള്ളത്. ഇവരില്‍ ഈ അധ്യയനവര്‍ഷം ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടിയത് 3,03,168 കുട്ടികളാണ്. കൂടാതെ കഴിഞ്ഞ അധ്യയനവര്‍ഷം ഉണ്ടായിരുന്ന കുട്ടികള്‍ക്കു പുറമെ, പൊതുവിദ്യാലയങ്ങളില്‍ (സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്) 2 മുതല്‍ 10 വരെ ക്ലാസുകളിലായി 1,19,970 കുട്ടികള്‍ പുതുതായി വന്നു ചേര്‍ന്നു. ഇവരില്‍ 44,915 പേര്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും 75,055 പേര്‍ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളിലുമാണ് പ്രവേശനം നേടിയിട്ടുള്ളത്.കുട്ടികളുടെ ആകെ എണ്ണം ജില്ലാതലത്തില്‍ പരിഗണിച്ചാല്‍ ഏറ്റവും കൂടുതല്‍ കുട്ടികളുള്ളത് മലപ്പുറം (20.35%) ജില്ലയിലും ഏറ്റവും കുറവ് കുട്ടികള്‍ (2.25%) പത്തനംതിട്ട ജില്ലയിലുമാണ്.

Chandrika Web: