X

അച്ചടക്ക നടപടിയുടെ പേരില്‍ വിദ്യാര്‍ഥികളുടെ മുടി മുറിച്ചു; അധ്യാപികയെ പുറത്താക്കി

നോയിഡയില്‍ അച്ചടക്ക നടപടിയുടെ പേരില്‍ വിദ്യാര്‍ഥികളുടെ മുടി മുറിച്ചു. സംഭവം വിവാദമായതോടെ അധ്യാപികയെ ജോലിയില്‍ നിന്നും പുറത്താക്കി. നോയിഡ സെക്റ്റര്‍ 168 ലാണ് സംഭവം നടന്നത്. രക്ഷിതാക്കളുടെ പരാതിയിലാണ് നടപടി. 12 വിദ്യാര്‍ഥികളുടെ മുടിയാണ് അധ്യാപിക മുറിച്ചത്.

അസംബ്ലിക്ക് ശേഷം കത്രികയുമായി അധ്യാപിക ക്ലാസുകള്‍ സന്ദര്‍ശിക്കുകയും തന്റെ മുന്നില്‍ കണ്ട വിദ്യാര്‍ത്ഥികളുടെ മുടി മുറിക്കുകയും   ചെയ്യുകയായിരുന്നുവെന്നാണ് വിവരം. നിരവധി വിദ്യാര്‍ഥികള്‍ ടോയ്‌ലറ്റിലേക്കോ മറ്റ് സ്ഥലങ്ങളിലേക്കോ ഓടി ഒളിക്കാന്‍ ശ്രമിച്ചുവെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തില്‍ അഡ്മിനിസ്‌ട്രേഷന്‍ ഉടന്‍ നടപടി സ്വീകരിച്ചതായി സ്‌കൂള്‍ ചെയര്‍മാന്‍ ഹരീഷ് ചൗഹാന്‍ പറഞ്ഞു. അധ്യാപികയെ ഡ്യൂട്ടിയില്‍ നിന്ന് പിരിച്ചുവിട്ടു. സ്‌കൂളിന് മുമ്പ് ഇത്തരമൊരു പരാതി ഉണ്ടായിട്ടില്ല. ഇതാദ്യമായാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇനി ഇങ്ങനെ ആവര്‍ത്തിക്കാതിരിക്കാന്‍ തങ്ങള്‍ ശ്രദ്ധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

രക്ഷിതാക്കളും സ്‌കൂള്‍ പ്രിന്‍സിപ്പലും അച്ചടക്ക ചുമതലയുള്ളവരും വ്യാഴാഴ്ച പോലീസ് സ്‌റ്റേഷനിലെത്തുകയും വിഷയം ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിച്ചുവെന്നും നോയിഡ എക്‌സ്പ്രസ് വേ പോലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ സരിത മാലിക് പറഞ്ഞു.

webdesk13: