ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഹോസ്റ്റലിനെതിരെ പരാതിയുമായി നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. കഴിഞ്ഞ വര്‍ഷമാണ് ഇടുക്കി മെഡിക്കല്‍ കോളേജില്‍ നഴ്‌സിങ് കോഴ്‌സ് ആരംഭിച്ചത്. രണ്ട് ബാച്ചുകളിലായി 120 വിദ്യാര്‍ത്ഥികളാണ് നഴ്‌സിങ് കോഴ്‌സ് പഠിക്കുന്നത്.
മെഡിക്കല്‍ കോളേജില്‍ ഹോസ്റ്റല്‍ സൗകര്യമില്ലാത്തതിനാല്‍ സമീപത്തുള്ള സ്‌കൂള്‍ കെട്ടിടം ലേഡീസ് ഹോസ്റ്റലാക്കുകയായിരുന്നു. 95 കുട്ടികളാണ് ഇവിടെ താമസിക്കുന്നത്.
നാല് മുറികളിലായി 49 വിദ്യാര്‍ത്ഥികളാണ് ഈ ഹോസ്റ്റലില്‍ കഴിയുന്നതെന്ന് ഒരു നഴ്‌സിങ് വിദ്യാര്‍ത്ഥിനി മാധ്യമങ്ങളോട് പ്രതികരിച്ചു. രണ്ട് മാസം മുമ്പ് ജൂനിയര്‍ ബാച്ച് വന്നപ്പോള്‍ ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിക്കുകയല്ലാതെ അടിസ്ഥാന സൗകര്യങ്ങളില്‍ പോലും മാറ്റം വരുത്തിയിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
5000 രൂപ അടച്ചാണ് വിദ്യാര്‍ത്തികള്‍ ഹോസ്റ്റലില്‍ അഡ്മിഷന്‍ എടുത്തിരുന്നത്. വൃത്തിഹീനമായ അടിസ്ഥാന സൗകര്യങ്ങളെ സംബന്ധിച്ച് ചോദ്യം ചെയ്തപ്പോള്‍ ‘നിങ്ങള്‍ നഴ്‌സിങ് വിദ്യാര്‍ത്ഥികളാണ്. ഇതൊക്കെ സഹിക്കണം’ എന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ പറഞ്ഞതായി മറ്റൊരു വിദ്യാര്‍ത്ഥി പ്രതികരിച്ചു.
ഇതിനു മുമ്പും അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കെതിരെ കണ്ണും വായും മൂടികെട്ടി വിദ്യാര്‍ഥികള്‍ അനിശ്ചിതകാല സമരം നടത്തിയിരുന്നു. ലക്ചര്‍ ഹാള്‍, ഡെസ്‌കും ഉപകരണങ്ങളും, ലാബുകള്‍, ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തീകരിക്കുക, ലക്ചറര്‍മാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. സൗകര്യങ്ങളില്ലാത്തതിന്റെ പേരില്‍ അംഗീകാരം നഷ്ടപ്പെട്ട ഇടുക്കി മെഡിക്കല്‍ കോളേജ് 2022ല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുകയായിരുന്നു.