അശ്‌റഫ് തൂണേരി
ദോഹ: മുംതാസ്.. യാ ഉവൈസ്… അര്‍ജന്റീനയോട് മിന്നും വിജയം നേടിയ ശേഷം ലുസൈല്‍ ഐക്കണിക്ക് സ്‌റ്റേഡിയത്തിലെ സഊദിഅറേബ്യന്‍ ആരാധകര്‍ ആവേശഭരിതരായി. ഗോളി മുഹമ്മദ് ഉവൈസിന് നേരെ കൈവീശിയും പതാക വീശിയും അവര്‍ അഭിവാദ്യമര്‍പ്പിച്ചു. അര്‍ജന്റീനയെയും ലോക ഫുട്‌ബോളിനെയും ഞെട്ടിച്ച് സൗദി അറേബ്യ നേടിയ വിജയത്തിന്റെ നേരവകാശിയാണ് ഗോളി മുഹമ്മദ് അല്‍ ഒവൈസ്. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഗോളെന്നുറപ്പിച്ച അര്‍ജന്റീനയുടെ മുന്നേറ്റത്തെ ഗോള്‍ പോസ്റ്റിന് താഴെനിന്നുള്ള ഉവൈസിന്റെ മനോഹര പ്രതിരോധം എത്രവശ്യമായിരുന്നു. പെനാല്‍ട്ടിയാണെങ്കിലും ഫുട്‌ബോള്‍ ഇതിഹാസം മെസ്സിയുടെ ഒരുഗോള്‍ പ്രഹരമേല്‍പ്പിച്ചെങ്കിലും സമനിലയിലേക്കും പിന്നീട് വിജയത്തിലേക്കും സൗദി മുന്നേറിയപ്പോള്‍ ഗോള്‍ വലകാത്ത് വിജയത്തിന്റെ ചുക്കാന്‍ പിടിക്കുകയായിരുന്നു മുഹമ്മദ് ഉവൈസ്. മിഡ്ഫീല്‍ഡില്‍ നിന്നുള്ള ലോംഗ് ബോളുകള്‍ ക്ലിയര്‍ ചെയ്യാന്‍ ഗോള്‍ വലക്കപ്പുറത്തക്കും ഉവൈസ് ഇറങ്ങിക്കളിക്കുന്നത് കാണാമായിരുന്നു.
സൗദിഅറേബ്യയുടെ കസ്‌റ്റോഡിയന്‍ ഓഫ് ബോള്‍ എന്നാണ് കമന്റേറ്റര്‍മാര്‍ ഉവൈസിനെ വിശേഷിപ്പിച്ചത്. സൗദിയിലെ അല്‍ശബാബ് ക്ലബ്ബിലാണ് ഉവൈസ് ഫുട്‌ബോള്‍ കളി തുടങ്ങിയത്. പത്തുവര്‍ഷം മുമ്പായിരുന്നു അത്. പിന്നീട് ഹിലാല്‍ ക്ലബ്ബിലേക്ക് മാറി. അല്‍ശബാബ് കിംഗ് കപ്പും, സൗദി കപ്പും നേടിയപ്പോള്‍ ഉവൈസായിരുന്നു ഗോള്‍ വല കാത്തത്. കഴിഞ്ഞ സീസണില്‍ അല്‍ഹിലാല്‍ സൗദി പ്രൊഫഷണല്‍ ലീഗ് ജേതാക്കളായപ്പോഴും ഗോള്‍ പോസ്റ്റിന് താഴെ അടങ്ങാത്ത വീര്യവുമായി ഉവൈസിന്റെ കൈകളുണ്ടായിരുന്നു. റഷ്യയിലെ ലോകകപ്പ് മൈതാനത്തും ഉവൈസ് കളിച്ചു. ലോകകപ്പിന്റെ ആദ്യ ഗ്രൂപ്പ് പോരാട്ടത്തില്‍ ഉറുഗ്വായ്‌ക്കെതിരെ സൗദി ഒരു ഗോളിന് തോറ്റ മത്സരമായിരുന്നു അത്.
സൗദിഅറേബ്യയുടെ വിജയത്തില്‍ സ്‌റ്റേഡിയം ആരവങ്ങളുയര്‍ത്തുമ്പോള്‍ മൈതാന നടുവില്‍ നിന്ന് ആകാശത്തേക്ക് കൈയ്യുയര്‍ത്തി ഉവൈസ് അല്ലാഹുവിന് നന്ദി പറഞ്ഞു. മികച്ച വിജയത്തിലും ഉവൈസിനെ വേദനിപ്പിച്ച ഒരു അപകടം കൂടി മൈതാനത്തുണ്ടായി. അര്‍ജന്റീനക്കെതിരെ നേടിയ ലീഡ് പ്രതിരോധിക്കാനിറങ്ങിയ സൗദിക്ക് വേണ്ടിയുള്ള പോരാട്ടത്തിനിടെ സഹതാരവും അടുത്തസുഹൃത്തുമായ യാസര്‍ അല്‍ഷഹ്‌റാനിക്ക് ഉവൈസിന്റെ കാല്‍മുട്ടേറ്റ് പരുക്കേറ്റു. പരുക്കേറ്റ് കിടക്കുന്ന ഷഹ്‌റാനിയെ ചൂണ്ടി മുഖംപൊത്തി കരയുന്ന ഉവൈസിനെ കളിക്കളം കണ്ടു. കളിയിലെ കേമന്‍ എന്ന ബഹുമതി കൂടി നേടിയ 31കാരന്‍ കളം വിട്ടപ്പോള്‍ ഇടക്ക് മഞ്ഞക്കാര്‍ഡ് കിട്ടിയത് പോലും സഊദി ആവേശത്തില്‍ അലിഞ്ഞുപോയി. ലുസൈല്‍ മൈതാനത്തെ മികച്ച പ്രകടനത്തിന് മുഹമ്മദ് ഉവൈസിന് കൊടുക്കേണ്ടത് സല്യൂട്ട് തന്നെ. അല്‍ഫ് മബ്‌റൂക് യാ ഉവൈസ്.