തിരുവനന്തപുരം: പ്രളയക്കെടുതിക്കു ശേഷം സംസ്ഥാനത്തെ കുട്ടികള്‍ ഇന്ന് സ്‌കൂളിലേക്കെത്തി. ദുരിതാശ്വാസ ക്യാമ്പുകളായി ഇപ്പോഴും പ്രവര്‍ത്തിക്കുന്നവയും പൂര്‍ണമായി ശുചീകരിക്കാനാവാത്തതുമായ 243 സ്‌കൂളുകള്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.
ആലപ്പുഴയില്‍ 216 സ്‌കൂളുകള്‍ ഇപ്പോഴും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ഇതില്‍ 118 സ്‌കൂളുകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ ഇതുവരെ പിരിച്ചുവിട്ടിട്ടില്ല. തൃശൂരില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നവക്കു പുറമെ സുരക്ഷാഭീഷണി നിലനില്‍ക്കുന്ന കെട്ടിടങ്ങള്‍ ഉള്ള സ്‌കൂളുകള്‍ക്കും ഇന്ന് അവധിയാണ്.
എറണാകുളത്ത് ഏഴു സ്‌കൂളുകള്‍ക്കാണ് അവധി. ശുചീകരണം പൂര്‍ത്തിയാക്കി മറ്റന്നാള്‍ തുറക്കും. കെട്ടിടങ്ങളുടെ ബലക്ഷയം മൂലം മലപ്പുറത്ത് രണ്ട് സ്‌കൂളുകള്‍ക്ക് അവധി നല്‍കി.
അതേസമയം, ഓണപരീക്ഷ സംബന്ധിച്ചും അനിശ്ചിതത്വം നീളുകയാണ്. ഓണം, ക്രിസ്മസ് പരീക്ഷകള്‍ ചേര്‍ത്ത് മധ്യകാല പരീക്ഷക്കായി നടത്തിയാല്‍ മതിയെന്നും ആലോചനയിലുണ്ട്.