X

വിദ്യാര്‍ഥിനിക്ക് കഞ്ചാവ് നല്‍കി പീഡനം; കൂടുതല്‍ ഇരകളെന്ന് പൊലീസ്

കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് കഞ്ചാവ് നല്‍കി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവാക്കളുടെ രണ്ട് ആഴ്ചത്തെ ഫോണ്‍ കോള്‍ വിവരങ്ങള്‍ (സി.ഡി.ആര്‍) കേന്ദ്രീകരിച്ച് അന്വേഷണം. തൃപ്പൂണിത്തുറ അരഞ്ഞാണിയില്‍ വീട്ടില്‍ ജിത്തുവും (29), തൃപ്പൂണിത്തുറ പെരുമ്പള്ളിയില്‍ വീട്ടില്‍ സോണിയും (25) സമാനമായി കൂടുതല്‍ പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തിയിട്ടുണ്ടാകുമെന്ന് സംശയിക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് പോക്‌സോ കേസ് പ്രതികളുടെ സി.ഡി.ആര്‍ എറണാകുളം നോര്‍ത്ത് പൊലീസ് ശേഖരിച്ചിട്ടുള്ളത്. രണ്ടാഴ്ചക്കിടെ ഇവര്‍ ആരെല്ലാമായി ബന്ധപ്പെട്ടു, ലഹരിമരുന്നുകള്‍ ലഭിച്ചത് ആരില്‍ നിന്ന്, ഇവരുടെ സുഹൃത്തുക്കളും ഇതേ രീതി പ്രയോഗിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. സി.ഡി.ആര്‍ വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും. അതേസമയം, മൂന്ന് കുട്ടികളെയാണ് പ്രതികള്‍ വലയിലാക്കിയത്. ഇതില്‍ രണ്ടുപേര്‍ ലൈംഗിക ഉപദ്രവങ്ങളില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരാണ്. ഇവരിതുവരെ പരാതി നല്‍കിയിട്ടില്ല. ഒരു പെണ്‍കുട്ടി മാത്രമാണ് പരാതി നല്‍കിയിട്ടുള്ളത്. ഇവരുടെ വൈദ്യപരിശോധന നടത്തിയിട്ടുണ്ട്. രഹസ്യമൊഴി രേഖപ്പെടുത്തിയേക്കും.

കഴിഞ്ഞ ദിവസം കലൂര്‍ പാവക്കുളം ക്ഷേത്രത്തിന് സമീപം പ്രതികള്‍ ഓടിച്ചിരുന്ന കാര്‍ ഇടിച്ച് കൊച്ചി നഗരത്തിലെ ശുചീകരണ തൊഴിലാളി മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഓട്ടോയും സ്‌കൂട്ടറുമടക്കം ഇടിച്ചുതെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയ ഇവരെ കലൂര്‍ ദേശാഭിമാനി ജംഗ്ഷനില്‍ വച്ച് തടഞ്ഞു നിര്‍ത്തിയാണ് പിടികൂടിയത്. കാറില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുണ്ടായിരുന്നെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടികളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. സി.സി.ടിവികള്‍ പരിശോധിച്ചാണ് പെണ്‍കുട്ടികള്‍ കാറിലുണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ഇവരെ കണ്ടെത്തി വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് കഞ്ചാവ് നല്‍കി പീഡിപ്പിച്ചതായി മൊഴി നല്‍കിയത്. ജിത്തു മെഡിക്കല്‍ റെപ്രസെന്റേറ്റീവാണ്. സോണി കൊച്ചി കപ്പല്‍ശാലയിലെ കരാര്‍ ജീവനക്കാരാനാണ്. ഇയാളാണ് ലഹരിമരുന്നും മറ്റും സംഘടിപ്പിച്ചിരുന്നത്.

Test User: