സ്‌കൂളില്‍ മാംസാഹാരം കൊണ്ടുവന്നുവെന്ന് ആരോപിച്ച് വിദ്യാര്‍ഥിയെ സസ്പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയിലെ ഹില്‍ട്ടണ്‍ പബ്ലിക് സ്‌കൂളിലാണ് സംഭവം. 7 വയസുകാരനായ വിദ്യാര്‍ഥിയെയാണ് സസ്പെന്‍ഡ് ചെയ്തത്.
കുട്ടിയുടെ മാതാവും സ്‌കൂള്‍ പ്രിന്‍സിപ്പലും തമ്മില്‍ സംസാരിക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. കുട്ടി മാംസാഹാരം കൊണ്ടുവന്നിട്ടില്ലെന്നാണ് മാതാവ് പറയുന്നത്. എന്നാല്‍ രൂക്ഷമായ മുസ്ലിം വിരുദ്ധ വിദ്വേഷ പരാമര്‍ശങ്ങളാണ് പ്രിന്‍സിപ്പല്‍ നടത്തുന്നത്. മാംസാഹാരം കൊണ്ടുവരികയും ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന വിദ്യാര്‍ഥികളെ പടിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. വര്‍ഗീയ പരാമര്‍ശങ്ങളെ ചോദ്യം ചെയ്യാനും കുട്ടിയുടെ മാതാവ് ശ്രമിക്കുന്നുണ്ട്.
”ഞങ്ങളുടെ ക്ഷേത്രങ്ങള്‍ തകര്‍ക്കുന്ന, സ്‌കൂളില്‍ മാംസാഹാരം കൊണ്ടുവരുന്ന, ഹിന്ദുക്കളെ ദ്രോഹിക്കുന്ന, ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യാനും രാമക്ഷേത്രം തകര്‍ക്കാനും പറയുന്ന ഇത്തരം വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല”-പ്രിന്‍സിപ്പല്‍ കുട്ടിയുടെ മാതാവിനോട് പറഞ്ഞു.
കുട്ടിയോട് മാംസാഹാരം കൊണ്ടുവരരുതെന്ന് നേരത്തെയും മുന്നറിയിപ്പ് നല്‍കിയിരുന്നു. വീണ്ടും ആവര്‍ത്തിച്ചതുകൊണ്ടാണ് പുറത്താക്കിയത്. കുട്ടി ക്ലാസിലെ മറ്റു കുട്ടികളെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചതായും പ്രിന്‍സിപ്പല്‍ ആരോപിച്ചു. കുട്ടിക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.
അതേസമയം കുട്ടിയെ ദിവസം മുഴുവന്‍ സ്‌കൂളില്‍ ഇരിക്കാന്‍ അനുവദിച്ചില്ലെന്നും സംഭവത്തെക്കുറിച്ച് രക്ഷിതാക്കളെ അറിയിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ലെന്നും മാതാവ് പറഞ്ഞു. വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി അംറോഹ ജില്ലാ സ്‌കൂള്‍ ഇന്‍സ്പെക്ടര്‍ മൂന്നംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.