കോട്ടയം: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ സ്‌കൂള്‍ അടിച്ചു തകര്‍ത്തു. പള്ളിക്കത്തോട് ക്രോസ് റോഡ് പബഌക് സ്‌കൂള്‍ വിദ്യാര്‍ഥിയായ ബിന്റോ ഈപ്പനെയാണ് ഇന്നലെ വീട്ടിലെ കോണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പാമ്പാടി പുളിക്കല്‍കവല പൊടിപാറയ്ക്കല്‍ ബിനു- – ബിന്ദു ദമ്പതികളുടെ മകനാണ് ബിന്റോ ഈപ്പന്‍.
പത്താം ക്ലാസില്‍ നൂറ് ശതമാനം വിജയത്തിനായി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ തോല്‍പ്പിച്ചെന്നാണ് ആരോപണം. പത്താം ക്ലാസ് അധ്യയനം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് വിദ്യാര്‍ഥി തോറ്റതായി സ്‌കൂള്‍ അധികൃതര്‍ മാതാപിതാക്കളെ വിളിച്ചറിയിച്ചത്. മറ്റൊരു സ്‌കൂളിലേക്ക് മാറ്റാനും നിര്‍ദേശിച്ചു. തുടര്‍ന്ന് മറ്റ് സ്‌കൂളില്‍ പ്രവേശനം തേടിയെങ്കിലും സീറ്റ് ലഭിച്ചില്ല. തുടര്‍ന്നാണ് ഇന്നലെ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ഇന്ന് രാവിലെയോടെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സ്‌കൂളിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. സ്ഥലത്ത് നിരവധി പൊലീസുകാരെ വിന്യസിച്ചിരുന്നെങ്കിലും പിറകിലെ ഗേറ്റ് വഴി അകത്തുകടന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സ്‌കൂള്‍ അടിച്ചുതകര്‍ത്തു. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഒമ്പതാം ക്ലാസില്‍ നിന്ന് പത്തിലേക്ക് ജയിപ്പിക്കില്ലെന്ന് കുട്ടിയോട് അധ്യാപകര്‍ പറഞ്ഞതായി രക്ഷിതാക്കള്‍ വെളിപ്പെടുത്തി. എന്നാല്‍ മനഃപൂര്‍വ്വം ആരേയും തോല്‍പ്പിച്ചിട്ടില്ലെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ പ്രതികരണം.