X
    Categories: main stories

ക്ലാസില്‍ നിന്ന് പുറത്താക്കിയതിന് പ്രതികാരം; വിദ്യാര്‍ത്ഥി അധ്യാപകന് നേരെ വെടിയുതിര്‍ത്തു

ന്യൂഡല്‍ഹി: ക്ലാസില്‍ നിന്ന് പുറത്താക്കിയതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ പ്ലസ്ടു വിദ്യാര്‍ഥി അധ്യാപകന് നേരേ വെടിയുതിര്‍ത്തു. ഗാസിയബാദിലെ സ്വകാര്യ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് സ്‌കൂളിലെ കൊമേഴ്സ് അധ്യാപകനായ സച്ചിന്‍ ത്യാഗിക്ക് നേരേ വെടിയുതിര്‍ത്തത്. അധ്യാപകന്റെ പരാതിയില്‍ കേസെടുത്തതായും അധ്യാപകന് പരിക്കേറ്റിട്ടില്ലെന്നും പോലീസ് പറഞ്ഞു.

ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. അന്നേദിവസം ക്ലാസില്‍ മറ്റുള്ളവരോട് മോശമായി പെരുമാറിയതിന് വിദ്യാര്‍ഥിയെ അധ്യാപകന്‍ വഴക്കുപറഞ്ഞിരുന്നു. പിന്നാലെ ക്ലാസില്‍നിന്ന് പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞ് അധ്യാപകന്‍ ബൈക്കില്‍ സ്‌കൂളില്‍നിന്ന് മടങ്ങുന്നതിനിടെയാണ് വിദ്യാര്‍ഥി വെടിയുതിര്‍ത്തത്.

സ്‌കൂട്ടറിലെത്തിയ വിദ്യാര്‍ഥിയും രണ്ട് സുഹൃത്തുക്കളും ആദ്യം അധ്യാപകന്റെ ബൈക്ക് തടഞ്ഞുനിര്‍ത്തി. പിന്നാലെ കൈയിലുണ്ടായിരുന്ന തോക്കില്‍നിന്ന് അധ്യാപകന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെച്ചയുടന്‍ തന്നെ മൂവര്‍ സംഘം ഓടിരക്ഷപ്പെട്ടു. ഇവര്‍ ഉപേക്ഷിച്ച സ്‌കൂട്ടര്‍ പിന്നീട് പൊലീസ് കണ്ടെത്തി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: