X
    Categories: indiaNews

അഭിമുഖത്തിന് പോകാന്‍ യാത്രാക്കൂലി കൊടുത്തു; വര്‍ഷങ്ങള്‍ക്കുശേഷം അധ്യാപകന് 30 ലക്ഷം രൂപയുടെ ഓഹരികള്‍ സമ്മാനിച്ച് ബാങ്ക് സിഇഒ

ന്യൂഡല്‍ഹി: പഠനകാലത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായം നല്‍കുന്ന അധ്യാപകരെക്കുറിച്ച് പലപ്പോഴും കേട്ടിട്ടുണ്ട്. പഠനത്തിനുശേഷം സഹായിച്ച അധ്യാപകരെ ഓര്‍മ്മിയ്ക്കുന്ന വിദ്യാര്‍ത്ഥികളാണെങ്കിലോ അത് വളരെ തുച്ഛവുമാണ്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്ഥനാവുകയാണ് ഐഡിഎഫ്‌സി ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ വി വൈദ്യനാഥന്‍. മുപ്പതുലക്ഷത്തോളം രൂപയുടെ ഓഹരികളാണ് വൈദ്യനാഥന്‍ മുന്‍ അധ്യാപകനായ ഗുര്‍ദിയാല്‍ സരൂപ് സൈനിക്ക് സമ്മാനമായി നല്‍കിയത്.

ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായിച്ചതിന് നന്ദി സൂചകമായിട്ടായിരുന്നു വൈദ്യനാഥന്റെ നടപടി. അഭിമുഖത്തിന് പോകാന്‍ പണമില്ലാതിരുന്ന കാലത്ത് യാത്രാക്കൂലി നല്‍കിയ അധ്യാപകന് സമ്മാനം നല്‍കിയ സംഭവം സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലാവുകയായിരുന്നു. വൈദ്യനാഥന് ബിറ്റ്‌സില്‍ പ്രവേശനം ലഭിച്ചിരുന്നു. എന്നാല്‍ അഭിമുഖത്തിന് ഹാജരാകാനും കൗണ്‍സിലിംഗ് പൂര്‍ത്തിയാക്കാനും അദ്ദേഹത്തിന് പണമില്ലായിരുന്നു. അന്നത്തെ കണക്ക് അധ്യാപകനായ ഗുര്‍ദിയാല്‍ സൈനിയാണ് യാത്രാക്കൂലിയായി 500 രൂപ നല്‍കിയത്.പഠനത്തിനുശേഷം മികച്ച രീതിയില്‍ വൈദ്യനാഥന് എത്താനും കഴിഞ്ഞിരുന്നു. എന്നാല്‍ പഠനത്തിനുശേഷം അധ്യാപകനെ തിരഞ്ഞെങ്കിലും കണ്ടാത്താനായില്ല. ഒടുവില്‍ ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് വര്‍ഷങ്ങള്‍ക്കുശേഷം അധ്യാപകന്‍ ആഗ്രയിലാണെന്ന് കണ്ടെത്തുന്നത്. തുടര്‍ന്ന് വിളിച്ചു സംസാരിയ്ക്കുകയും സമയോചിതമായ സഹായത്തിന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു വൈദ്യനാഥന്‍.

സാമൂഹ്യമാധ്യമങ്ങളില്‍ വൈദ്യനാഥന് പ്രശംസയുമായി ഒട്ടേറെ പേരാണ് എത്തുന്നത്. ഇതൊരു അസാധാരണമായ നടപടിയാണെന്നാണ് പലരുടേയും അഭിപ്രായം. ഈ കാലഘട്ടത്തില്‍ വളരെ അപൂര്‍വ്വമായേ ഇത്തരത്തിലുള്ള ഗുരു-ശിഷ്യബന്ധം കാണാനാകൂവെന്നും ചിലര്‍ പ്രശംസിച്ചു.

 

chandrika: