X

കനയ്യകുമാറും ഷെഹ്‌ല റഷീദും രാഷ്ട്രീയത്തിലേക്ക്; കന്നിയങ്കം 2019ല്‍

ന്യൂഡല്‍ഹി: ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യകുമാറും ഷെഹ്‌ല റഷീദും രാഷ്ട്രീയത്തിലേക്ക്. 2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നാണ് വിവരം. ദേശീയ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്.

സംഘടിതമായ രാഷ്ട്രീയ രീതിയിലാണ് താന്‍ വിശ്വസിക്കുന്നതെന്നും മത്സരിക്കുന്നുണ്ടെങ്കില്‍ അത് മുഖ്യധാരാ പാര്‍ട്ടികളിലൂടെയായിരിക്കുമെന്നും വ്യക്തിപ്രഭാവത്തില്‍ വിശ്വസിക്കുന്നില്ലെന്നും കനയ്യകുമാര്‍ വ്യക്തമാക്കി.

‘കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി), ഇടതുപക്ഷം തുടങ്ങിയവര്‍ ബിഹാറില്‍ സഖ്യമുണ്ടാക്കി ഒരു പൊതു സ്ഥാനാര്‍ത്ഥിയാവാന്‍ എന്നോട് ആവശ്യപ്പെടുകയും പണം സമാഹരിക്കുകയും ചെയ്താല്‍ ഞാന്‍ മത്സരിക്കും’; കനയ്യകുമാര്‍ പറഞ്ഞു.
ബിഹാറിലെ സ്വന്തം മണ്ഡലമായ ബെഗുസരായിയില്‍ മത്സരിക്കാനാണ് കനയ്യകുമാര്‍ ആലോചിക്കുന്നത്.

ജെ.എന്‍.യു സര്‍വകലാശാല യൂണിയന്‍ വൈസ്പ്രസിഡന്റായിരുന്ന ഷഹ്‌ലയും 2019ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സാഹചര്യമുണ്ടായാല്‍ താന്‍ മത്സരിക്കുമെന്ന് ഷഹ്‌ല പറഞ്ഞു. ശ്രീനഗര്‍ സ്വദേശിയായ ഷഹ്‌ല യു.പിയില്‍ മത്സരിച്ചേക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഭരണഘടന ഭീഷണി നേരിടുകയാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കാന്‍ തയാറാണെന്നും ഷെഹ്‌ല പറഞ്ഞു.

chandrika: