തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവംത്തില്‍ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ക്ഷേത്ര മൈതാനത്ത് മൂത്രമൊഴിക്കുന്നത് തടഞ്ഞ പതിനഞ്ചു വയസ്സുകാരനെയാണ് കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. റൂറല്‍ ഡിവൈഎസ്പിയുടെ റാങ്കില്‍ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ കേസന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ശേഷം അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നിര്‍ദേശിച്ചു.
ക്ഷേത്ര മൈതാനത്ത് മൂത്രമൊഴിക്കുന്നത് തടഞ്ഞതിന്റെ ദേഷ്യത്തിലാണ് പ്രതി കൊലപാതകം നടത്തിയതെന്ന് കാട്ടാക്കട ഡിവൈഎസ്പി കമീഷനെ അറിയിച്ചു.
2023 ഓഗസ്റ്റ് 30 നായിരുന്നു കേസിന് ആസ്പദമായ സംഭവം. 2023 സെപ്റ്റംബര്‍ 11 നാണ് പ്രതി പ്രിയരഞ്ജനെ കളിയിക്കാവിളയില്‍ നിന്നും അറസ്റ്റ് ചെയ്തത്. കേസന്വേഷണം വേഗം പൂര്‍ത്തിയാക്കി ചാര്‍ജ്ഷീറ്റ് കോടതിയില്‍ സമര്‍പ്പിക്കാമെന്ന് ഡി.വൈ.എസ്.പി കമീഷനെ അറിയിച്ചു. റൂറല്‍ ജില്ലാ പൊലീസ് മേധാവിക്കാണ് കമീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ.ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
വാഹനപകടമെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും പിന്നീട് നടന്ന അന്വേഷണത്തിലാണ് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കുന്നത്.