ഭോപാല്‍: ‘ഫ്രണ്ട്ഷിപ്പ് ഡേ’യില്‍ സഹപാഠികള്‍ക്ക് 46 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ നല്‍കിയ പത്താം ക്ലാസുകാരന്‍ പിടിയില്‍. പിതാവിന്റെ പണം മോഷ്ടിച്ചാണ് 15-കാരന്‍ ‘ലാവിഷ്’ ആയി ‘ചെലവു’ ചെയ്തത്. പിതാവിന്റെ പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പൊലീസിന് ഇതുവരെയായി 15 ലക്ഷം രൂപയേ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ.
സ്ഥലം വിറ്റു കിട്ടിയ 60 ലക്ഷം രൂപ വീട്ടിലെ കബോര്‍ഡിലാണ് വിദ്യാര്‍ത്ഥിയുടെ പിതാവ് സൂക്ഷിച്ചിരുന്നത്. ഈയിടെയായി പണം മോഷ്ടിക്കപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബില്‍ഡര്‍ ആയ ഇയാള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകന്റെ ‘വീരകൃത്യം’ വെളിപ്പെട്ടത്.
ക്ലാസിലെ ഏറ്റവും ദരിദ്രനും കൂലിവേലക്കാരന്റെ മകനുമായ സഹപാഠിക്ക് വിദ്യാര്‍ത്ഥി 15 ലക്ഷം രൂപയാണ് സമ്മാനം നല്‍കിയതെന്ന് പൊലീസ് പറയുന്നു. തന്നെ ഹോംവര്‍ക്കില്‍ സഹായിക്കുന്ന സഹപാഠിക്ക് മൂന്നു ലക്ഷം നല്‍കി. ക്ലാസിലെ 35 സഹപാഠികള്‍ക്കും വിലയേറിയ സമ്മാനങ്ങള്‍ നല്‍കി. സ്മാര്‍ട്ട് ഫോണ്‍, വാച്ചുകള്‍, ആഭരണങ്ങള്‍, ബ്ലേസ്ലെറ്റുകള്‍ തുടങ്ങിയവയാണ് വാങ്ങി നല്‍കിയത്.
പരാതിയെ തുടര്‍ന്ന്, കൂടുതല്‍ വലിയ ‘സമ്മാനം’ കൈപ്പറ്റിയ അഞ്ച് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയതായി പൊലീസ് സൂപ്രണ്ട് ബി.എസ് തോമര്‍ പറഞ്ഞു. അഞ്ചു ദിവസത്തിനകം പണം തിരികെ നല്‍കാന്‍ ഇവരോട് നിര്‍ദേശിച്ചു. ഇതിനകം 15 ലക്ഷം രൂപ കണ്ടെത്തി. സംഭവത്തില്‍ ഉള്‍പ്പെട്ടത് കുട്ടികള്‍ ആയതിനാല്‍ ആര്‍ക്കുമെതിരെ കേസെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.