X

ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിയുടെ മരണം: മൂന്നു പേര്‍ കസ്റ്റഡിയില്‍; കടയിലെ വാഹനം കത്തിച്ചു

കാസര്‍കോട് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് 16കാരി മരിച്ച സംഭവത്തില്‍ 3 പേര്‍ കസ്റ്റഡിയില്‍. ഐഡിയല്‍ കൂള്‍ബാര്‍ എന്ന സ്ഥാപനത്തിലെ രണ്ട് ജീവനക്കാരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. സ്ഥാപനത്തിന്റെ എംഡിയും മാഗ്ലൂര്‍ സ്വദേശിയുമായ മുല്ലോളി അനക്‌സ്,അഹമ്മദ്, ഷവര്‍മ മേക്കര്‍ നേപ്പാള്‍ സ്വദേശി സന്ദേശ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

വിദ്യാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് കൂള്‍ബാറിന് മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം കത്തിനശിച്ചിട്ടുണ്ട്. ഇത് ആര് കത്തിച്ചു എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. കുട്ടിയുടെ മരണത്തിന് പിന്നാലെ കഴിഞ്ഞ ദിവസം കൂള്‍ബാറിലേക്ക് വ്യാപകമായ കല്ലേറ് ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ വിദ്യാര്‍ഥിനി മരിച്ചത്. കരിവെള്ളൂര്‍ പെരളത്തെ നാരായണന്റെയും പ്രസന്നയുടെയും മകള്‍ ദേവനന്ദ(17) ആണ് മരിച്ചത്. ചെറുവത്തൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ദേവനന്ദ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്. ഇതേ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ച 14 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. സ്‌കൂള്‍ കുട്ടികളാണ് അധികവും. കടുത്ത പനിയും വയറിളക്കവും ഛര്‍ദിയും അനുഭവ പ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ ചികിത്സ തേടിയത്.

ഏപ്രില്‍ 29,30 തീയതികളിലാണ് ഇവര്‍ ഷവര്‍മ കഴിച്ചത്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായാണ് എല്ലാവരും ചികിത്സ തേടിയത്. മരിച്ച ദേവനന്ദ ഞായറാഴ്ച രാവിലെയാണ് ചെറുവത്തൂരിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടി എത്തിയത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച ഉച്ചയോടെ മരിച്ചു. ഇതേ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞ 14 പേരെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും പ്രത്യേക ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 14 പേരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ദേവനന്ദ പത്താംക്ലാസ് പൂര്‍ത്തിയാക്കിയ ശേഷം പ്ലസ് വണ്ണിന് ട്യൂഷന് പോയി തുടങ്ങിയിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് നിന്നെത്തിയ ഭക്ഷ്യ സുരക്ഷാ വിഭാഗം കൂള്‍ബാറില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

Chandrika Web: