കൊച്ചി : ഉണ്ണിമുകുന്ദന്‍ നായകനായ മാര്‍ക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച വിഷയത്തില്‍ ഒരാള്‍ പിടിയില്‍. ബി.ടെക് വിദ്യാര്‍ഥിയായ അക്വിബ് ഫനാനെയാണ് ആലുവയില്‍ നിന്ന് കൊച്ചി സൈബര്‍ പൊലീസ് പിടികൂടിയത്.
ഇന്‍സ്റ്റാഗ്രാം വഴിയാണ് വിദ്യാര്‍ഥി സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ചത്. സിനിമ തീയേറ്ററില്‍ പോയി ചിത്രീകരിച്ചതല്ലെന്നും അയച്ചു കിട്ടിയ ലിങ്ക് ഇന്‍സ്റ്റാഗ്രാം റീച്ചിന് വേണ്ടി മറ്റുള്ളവര്‍ക്ക് അയക്കുകയായിരുന്നുവെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ആക്വിബിനെ ചോദ്യം ചെയ്തുവരികയാണ്.
സിനിമയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നതില്‍ നിര്‍മാതാവ് ഷെരീഫ് മുഹമ്മദ് കൊച്ചി ഇന്‍ഫൊ പാര്‍ക്കിലെ സൈബര്‍ സെല്ലിലാണ് പരാതി നല്‍കിയത്. ഇത് സിനിമക്ക് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്ന് ഷെരീഫ് മുഹമ്മദ് പരാതിയില്‍ പറഞ്ഞു. മാര്‍ക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിര്‍മാതാക്കള്‍ പൊലീസിന് കൈമാറിയിരുന്നു. സിനിമാറ്റോഗ്രാഫ് നിയമം, കോപ്പിറൈറ്റ് നിയമം എന്നിവ പ്രകാരമാണ് സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നതും ഡൗണ്‍ലോഡ് ചെയ്ത് സിനിമ കാണുന്നതും കുറ്റകരമാണെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.
അസാധാരണമായ വയലന്‍സ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി ‘മാര്‍ക്കോ’ 5 ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിങ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്. ഹനീഫ് അദേനിയാണ് തിരക്കഥയും സംവിധാനവും. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലന്‍സ് ചിത്രം എന്ന ലേബലോടെ എത്തിയ ചിത്രം ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ആദ്യ നിര്‍മാണ സംരംഭമാണ്.