X

കാറില്‍ മല്‍പ്പിടിത്തം, ഓടിക്കൊണ്ടിരിക്കെ ഡോര്‍ 3 തവണ തുറന്നു; വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

അടൂർ പട്ടാഴിമുക്കിൽ ലോറിയിൽ കാറിടിച്ച് രണ്ടു പേർ മരിച്ച അപകടത്തിൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. അനുജയും ​ഹാഷിമുമായി കാറിൽ മൽപിടുത്തം നടന്നിരുന്നതായി ഏനാദിമം​ഗലം പഞ്ചായത്ത് അം​ഗം ശങ്കർ മരൂർ. അപകടത്തിന് മുൻപ് കാർ ശ്രദ്ധയിൽപ്പെട്ടിരുന്നതായും ആലയിൽപ്പടിയിൽ വെച്ച് കാർ കണ്ടിരുന്നുവെന്നും ശങ്കർ പറയുന്നു.

സുഹൃത്തിനൊപ്പം കൊല്ലത്ത് പോയി തിരിച്ചുവരുമ്പോഴാണ് മുമ്പില്‍ പോവുകയായിരുന്ന കാര്‍ ശ്രദ്ധിച്ചത്. കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ സ്ത്രീ ഇരുന്ന ഭാഗത്തെ ഡോര്‍ മൂന്ന് തവണ തുറന്നു. ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്ന് തോന്നലുണ്ടായിരുന്നു. അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു. അപകടത്തില്‍പ്പെട്ട കാറിന്റെ ദൃശ്യം കണ്ടാണ് തിരിച്ചറിഞ്ഞതെന്നും ശങ്കര്‍ പറഞ്ഞു.

അമിത വേ​ഗതയിൽ എത്തിയ കാർ ലോറിയിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് ലോറി ഡ്രൈവറിന്റെ മകൻ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തൽക്ഷണം മരിച്ചിരുന്നു. നൂറനാട് സ്വദേശിയാണ് അനുജ. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപിക കൂടിയാണ് മരിച്ച അനുജ. കായംകുളം സ്വദേശിയാണ് ഭർത്താവ്.

webdesk14: