X
    Categories: MoreViews

എസ്.ടി.യു അറുപതാം വാര്‍ഷികാഘോഷത്തിന് പ്രൗഢ സമാപനം

പാലക്കാട്: രാജ്യത്തെ സംഘടിത തൊഴിലാളി ശക്തിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ക്കെതിരെ തൊഴിലാളി സമൂഹം ഒന്നിക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ഇന്ത്യയുടെ ഏകത്വവും മൂല്യങ്ങളും തല്ലിത്തകര്‍ത്ത് കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് പരവതാനി വിരിക്കാനാണ് ബി.ജെ. പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനായി ന്യൂനപക്ഷ-ദളിത് പിന്നാക്ക വിഭാഗങ്ങളെ ശത്രുക്കളായി കണ്ട് അടിച്ചമര്‍ത്തുകയാണ്. ജാതി-മത ചിന്തകള്‍ക്കതീതമായ ഒരുമയാണ് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അനിവാര്യം. തൊഴിലാളി കൂട്ടായ്മകള്‍ ഇതിനായി യത്‌നിക്കണമെന്നും തങ്ങള്‍ പറഞ്ഞു. പാലക്കാട് കോട്ടമൈതാനിയില്‍ എസ്.ടി.യു അറുപതാംവാര്‍ഷികാഘോഷ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ അഭിമാനകരമായ വിജയമുണ്ടായത് കൂട്ടായ്മയുടെ ഫലമാണ്. ബി.ജെ.പിയുടെ വര്‍ഗീയ ഭരണത്തെ പിടിച്ചുകെട്ടാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മതേതര ശക്തികള്‍ക്കേ കഴിയൂ. പിന്നാക്ക വിഭാഗങ്ങളുടെ അഭിമാനകരമായ അസ്തിത്വം വീണ്ടെടുക്കാനും നിലനിര്‍ത്താനും രാജ്യത്ത് മാറ്റം അനിവാര്യമാണ്. രാജ്യം ഒരു ശക്തിക്കും തീറെഴുതി കൊടുത്തിട്ടില്ല.ഇന്ത്യ സംഘ്പരിവാര്‍ ശക്തികളുടെ കുത്തകയല്ലെന്ന കാര്യവും ഓര്‍ക്കണം- തങ്ങള്‍ പറഞ്ഞു.
പാലക്കാട് രണ്ടുദിവസമായി നടന്ന വാര്‍ഷികാഘോഷ പരിപാടികള്‍ ഇന്നലെ പൊതുസമ്മേളനത്തോടെ സമാപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് തൊഴിലാളികള്‍ കോട്ടമൈതാനിയില്‍ സംഗമിച്ചു. ബംഗാള്‍, തമിഴ്‌നാട്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തിനെത്തിയിരുന്നു.
എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണികുളം അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. ജനറല്‍സെക്രട്ടറി അഡ്വ.എം.റഹ്മത്തുല്ല സ്വാഗതം പറഞ്ഞു. അഹമ്മദ്കുട്ടി ഉണ്ണികുളം രചിച്ച എസ്.ടി.യു സമ്പൂര്‍ണ ചരിത്രം ഇംഗ്ലീഷ് പരിഭാഷ ഹൈദരലി തങ്ങള്‍ പ്രകാശനം ചെയ്തു. അഡ്വ.കെ.എന്‍.എ ഖാദര്‍, പ്രൊഫ.എന്‍.പി സിങ്, ദേശീയ പ്രസിഡന്റ് സയ്യിദ് അംജദ് അലി, മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.എ മജീദ്, സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ, പി.വി അബ്ദുല്‍വഹാബ് എം.പി, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍, കെ.എം.എ അബൂബക്കര്‍ എം.എല്‍.എ, ജി. ഹാശിം, , അഡ്വ. നൂര്‍ബിനാ റഷീദ്, കുറുക്കോളി മൊയ്തീന്‍, സി.എ.എം.എ കരീം, കളത്തില്‍ അബ്ദുല്ല, എം.എ കരീം, വണ്ടൂര്‍ ഹൈദരലി, എം.എം ഹമീദ്, സി.എച്ച് ജമീല ടീച്ചര്‍ പ്രസംഗിച്ചു, കെ.പി അബ്്ദുല്‍കരീം, (മസ്‌ക്കറ്റ് കെ.എം.സി.സി), പി.എ തങ്ങള്‍, ഹനീഫ മൂന്നിയൂര്‍, എ.എം അബൂബക്കര്‍, എ.കെ സൈനുദ്ദീന്‍, സി.എ സാജിത്, ഷമീര്‍ പഴേരി, ഷറഫുദ്ദീന്‍ പിലാക്കല്‍ ആശംസകള്‍ അര്‍പ്പിച്ചു.
സംസ്ഥാന നേതാക്കളായ എം.എ കരീം, വണ്ടൂര്‍ ഹൈദരലി, എ.അബ്്ദുറഹ്്മാന്‍, അഡ്വ.എസ്.വി ഉസ്മാന്‍കോയ, കെ.പി കുഞ്ഞാന്‍, എം.എ മുസ്തഫ, പി.പി.എ കരീം, അഡ്വ.പി.എം ഹനീഫ, ഉമര്‍ ഒട്ടുമ്മല്‍, പി.എ ഷാഹുല്‍ഹമീദ്, പി.എസ് അബ്ദുല്‍ജബ്ബാര്‍, കല്ലടി അബൂബക്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എസ്.ടി.യു ദേശീയ ഭാരവാഹികളായ ഷഫറുള്ള മുല്ല, എം.വി വാഹിദ്, അഞ്ജനികുമാര്‍ സിന്‍ഹ, അഖില്‍ അഹമ്മദ്, രഘുനാഥ് പനവേലി, മുഹമ്മദ് ഹാറൂണ്‍, എം.യൂസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.

chandrika: