X
    Categories: keralaNews

വിലക്കയറ്റത്തിനെതിരെ എസ്.ടി.യു പ്രതിഷേധ സംഗമം 27 ന്‌

കോഴിക്കോട്: നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വില വര്‍ദ്ധനവ് മൂലം നടുവൊടിഞ്ഞ സാധാരണക്കാര്‍ പട്ടിണിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലും അരി, പാല്‍ ഉല്‍പന്നങ്ങള്‍ അടക്കം അവശ്യസാധനങ്ങള്‍ക്ക് 5 ശതമാനം നികുതി വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെയും വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കാത്ത കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകളിലും പ്രതിഷേധിച്ച് ജൂലായ് 27 ന് ബുധനാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ നടത്തുവാന്‍ എസ്.ടി.യു സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.

നിത്യോപയോഗ സാധനങ്ങള്‍ക്ക് നാള്‍ക്ക് നാള്‍ ഉണ്ടാവുന്ന വിലവര്‍ദ്ധനവിന് പുറമെയുള്ള ജി.എസ്.ടി വര്‍ദ്ധനയിലൂടെയുള്ള ഇരുട്ടടി കടുത്ത ജനദ്രോഹമാണ്. വൈദ്യുതിക്കും, കുടിവെള്ളത്തിനും വില വര്‍ദ്ധിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ കെട്ടിട നികുതിയും ഗണ്യമായി വര്‍ദ്ധിപ്പിച്ചു. ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന ഭരണാധികാരികള്‍ അയല്‍ രാജ്യമായ ശ്രീലങ്ക നല്‍കുന്ന പട്ടിണിയുടെ പാഠം ഉള്‍കൊള്ളണമെന്നും വില വര്‍ദ്ധനവ് പിടിച്ചു നിര്‍ത്താനും അധിക നികുതി ഒഴിവാക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ.എം.റഹ്മത്തുള്ള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി യു.പോക്കര്‍ സ്വാഗതം പറഞ്ഞു. 2022 ലെ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ ആരംഭിച്ച ഫെഡറേഷന്‍ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ ആഗസ്റ്റ് ഏഴിന് പൂര്‍ത്തീകരിക്കുവാനും, സെപ്തമ്പര്‍ ആദ്യവാരം സംസ്ഥാന ക്യാമ്പ് വയനാട് വെച്ച് നടത്തുവാനും തീരുമാനിച്ചു. സംസ്ഥാന ട്രഷറര്‍ കെ.പി.മുഹമ്മദ് അഷ്‌റഫ് ദേശീയ സംസ്ഥാന ഭാരവാഹികളായ അഹമ്മദ് കുട്ടി ഉണ്ണിക്കുളം, എം.എ.കരീം, കെ.ടി.കുഞ്ഞാന്‍, ജി മാഹിന്‍ അബൂബക്കര്‍ , എ.മുനീറ, ഉമ്മര്‍ ഒട്ടുമ്മല്‍, ഷരീഫ് കൊടവഞ്ചി, കല്ലടി അബൂബക്കര്‍ ,സി.അബ്ദുള്‍ നാസര്‍, അബൂബക്കര്‍ ചേലേമ്പ്ര, സൗദ ഹസ്സന്‍, വി.എ.കെ.തങ്ങള്‍, വല്ലാഞ്ചിറ അബ്ദുള്‍ മജീദ്, പി.എ.ഷാഹുല്‍ ഹമീദ്, അഷ്‌റഫ് എടനീര്‍, കെ.എം. കോയ, എന്‍.കെ.സി.ബഷീര്‍, പാറക്കമമ്മുട്ടി, കെ.എസ്.ഹലീല്‍ റഹ്മാന്‍, ഇ.കെ.കുഞ്ഞാലി പ്രസംഗിച്ചു.

Chandrika Web: