X

പോരാട്ട വീര്യത്തിന്റെ ചരിത്രം കുറിച്ച് എസ്.ടി.യു

അഹമ്മദ്കുട്ടി ഉണ്ണികുളം

ബഹുസ്വര ഇന്ത്യക്കായ് ദുര്‍ഭരണങ്ങള്‍ക്കെതിരെ എന്ന കാലിക പ്രസക്തമായ ആവശ്യമുയര്‍ത്തി എസ്.ടി.യു കേരള സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സമരസന്ദേശ യാത്ര (2023 ഒക്ടോബര്‍ 21-നവംബര്‍ 2) ജനാധിപത്യത്തിനും മതേതരത്വത്തിനും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും പുതിയ ആവേശമുണര്‍ത്തിയിരിക്കുകയാണ്. നാനാത്വത്തില്‍ ഏകത്വം നിലനിര്‍ത്തിവരുന്ന ഇന്ത്യയുടെ മഹിത പാരമ്പര്യത്തിനു ഒരു പോറലുമേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ് യാത്രയുടെ മുഖ്യസന്ദേശം. 7000 ജാതികളും 16000 ഉപജാതികളും 60ഓളം പ്രബല ഗോത്രങ്ങളും 1600ഓളം ഉപഗോത്രങ്ങളും 22 ഭാഷകളും 2000 ഉപഭാഷകളും നിലനില്‍ക്കുന്ന രാജ്യം ഇന്ത്യയല്ലാതെ വേറെയില്ല. ഇവരെയെല്ലാം ഒരു നുകത്തില്‍ കെട്ടികൊണ്ടുപോകാന്‍ സാധിക്കില്ലെന്ന വസ്തുത ഇന്ത്യാചരിത്രം അറിയുന്ന ആര്‍ക്കുമറിയാം. മുഗളര്‍ ഇന്ത്യ ഭരിച്ച കാലത്ത് ഭിന്നിപ്പിച്ചു ഭരിക്കുകയായിരുന്നില്ല ഒന്നിപ്പിച്ചു ഭരിക്കുകയാണ് ചെയ്തിരുന്നത്. രാജാവ് മുസല്‍മാന്‍ ആണെങ്കില്‍ പ്രധാനമന്ത്രിയും സര്‍വസൈന്യാധിപനും ഹിന്ദുക്കളോ സിക്കുകാരോ ആയിരുന്നുവെന്നു ചരിത്രം പഠിക്കുന്ന ഏവര്‍ക്കുമറിയാം. ബ്രിട്ടീഷ് ഭരണകൂടമാകട്ടെ ഭിന്നിപ്പിച്ചു ഭരിക്കാന്‍ എല്ലാ ശ്രമവും നടത്തി. നാട്ടുരാജ്യങ്ങളെ ഒന്നിപ്പിക്കുന്നതില്‍ ഈ തന്ത്രം തുണച്ചു. എന്നാല്‍ സംസ്‌കാരങ്ങളെ യോജിപ്പിക്കുന്നതില്‍ അവരും പരാജയപ്പെട്ടു.

ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ഈ വൈവിധ്യങ്ങളെ അംഗീകരിച്ചുകൊണ്ടാണ് പണ്ഡിറ്റ് നെഹ്‌റു, ഇന്ധിരാഗാന്ധി മുതല്‍ പ്രധാനമന്ത്രിമാര്‍ ഭരണം തുടര്‍ന്നത്. 1872ല്‍ തന്നെ ഇന്ത്യയില്‍ ക്രിസ്ത്യന്‍ മാര്യേജ് ആക്ട് നിലവില്‍ വന്നിരുന്നു. 1936ല്‍ പാര്‍സികള്‍ക്ക് ദി പാര്‍സി മാര്യേജ് ആന്റ് ഡിവോഴ്‌സ് ആക്ട് പ്രാബല്യത്തിലായി. 1937ല്‍ മുസ്‌ലിംകള്‍ക്ക് ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ട് നടപ്പാക്കി. 1955ല്‍ ഹിന്ദു വ്യക്തി നിയമത്തെ പരിഷ്‌കരിച്ചത് ജവഹര്‍ലാല്‍ നെഹ്‌റു തന്നെ മുന്‍കയ്യെടുത്താണ്. ബ്രിട്ടീഷുകാരുടെ കാലത്താകട്ടെ, കോണ്‍ഗ്രസ് ഭരണകാലത്താവട്ടെ നാനാത്വത്തില്‍ ഏകത്വം അഥവാ ബഹുസ്വരത കൃത്യമായും വ്യക്തമായും അംഗീകരിച്ചുപോന്നു എന്നാണ് ഇതില്‍നിന്നും വ്യക്തമാവുന്നത്. എന്നാല്‍ നരേന്ദ്ര മോദിയും ആര്‍.എസ്.എസും ഭരണത്തിന്റെ ചുക്കാന്‍ പിടിച്ചതോടെ ബഹുസ്വരതക്കാണ് ആദ്യം കോടാലി വെച്ചത്. ഏക സിവില്‍ കോഡ് എന്ന ആയുധമാണ് അവര്‍ പ്രയോഗിക്കാന്‍ ഒരുമ്പെട്ടത്. ഇന്ത്യക്ക് ഏക സിവില്‍ കോഡ് ആവശ്യമില്ലെന്നും അത് അനഭിലഷണീയമാണെന്നും ബഹുസ്വരത ജനാധിപത്യത്തെ ദ്യോതിപ്പിക്കുന്നുവെന്നും ലോ കമ്മീഷന്‍ അര്‍ത്ഥശങ്കക്കിടമില്ലാത്തവിധം പറഞ്ഞു. ഈ നീക്കം ഇന്ത്യന്‍ മുസല്‍മാന്റെ മൗലികാവകാശത്തിന്മേലുള്ള കയ്യേറ്റമാണെന്നും വിശ്വാസ സ്വാതന്ത്ര്യമടക്കം ഭരണഘടനയുടെ ആറ് മൗലികാവകാശങ്ങളില്‍ തൊട്ടുകളിക്കരുതെന്നും പ്രമുഖ നിയമജ്ഞരെല്ലാം മുന്നറിയിപ്പ് നല്‍കി. ഇന്ത്യയില്‍ മദ്യനിരോധനം നടപ്പാക്കും, സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം കുറക്കും, സാമൂഹ്യക്ഷേമ പദ്ധതികള്‍ നടപ്പാക്കും എന്നൊക്കെ പറഞ്ഞുപോകുന്ന മാര്‍ഗ നിര്‍ദ്ദേശക തത്വത്തില്‍ ഒന്നുമാത്രമായ ഏകരൂപ സിവില്‍ കോഡിനു പരിശ്രമിക്കും എന്നതിനെ എല്ലാറ്റിന്റെയും മുകളില്‍ പ്രതിഷ്ഠിക്കാനുള്ള ശുദ്ധനീക്കത്തെ ഇന്ത്യന്‍ ജനത കണ്ടറിഞ്ഞുവെന്നതാണ് സത്യം. ഏക സിവില്‍കോഡ്, പൗരത്വ ഭേദഗതി നിയമം, കശ്മീരിന്റെ പ്രത്യേകാവകാശം എടുത്തുകളയല്‍, ആരാധനാലയങ്ങള്‍ പിടിച്ചെടുക്കല്‍, സ്ഥലനാമങ്ങള്‍ മാറ്റല്‍, ഒരു മതം, ഒരു ഭാഷ, ഒരു പാര്‍ട്ടി, ഇസ്രാഈലിനെ പിന്തുണക്കല്‍ എന്നിവയെല്ലാം മതേതര ഇന്ത്യക്ക് യോജിച്ചതല്ല എന്നും ജനം വിധിയെഴുതി. കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ ബി.ജെ.പി തോറ്റമ്പിയത് ഈ നീക്കത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നു. 28 പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപംകൊടുത്ത ഇന്ത്യാ മുന്നണി മോദി ഭരണകൂടത്തിനെതിരെ ഉദിച്ചുയര്‍ന്ന താക്കീതായിരുന്നു. ബഹുസ്വരത സംരക്ഷിക്കാനും പൗരത്വ നിയമഭേദഗതി എടുത്തുകളയാനും ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനും നാല് കോഡുകള്‍ക്കുപകരം ഇന്ത്യന്‍ ട്രേഡ് യൂനിയന്‍ ആക്ടുകള്‍ നിലനിര്‍ത്താനും കോര്‍പറേറ്റുകള്‍ക്ക് കടിഞ്ഞാണിടാനും വിലക്കയറ്റം പിടിച്ചുനിര്‍ത്താനും ജനാധിപത്യം, മതേതരത്വം, ഇന്ത്യയുടെ ഐക്യം, അഖണ്ഡത എന്നിവ സംരക്ഷിക്കാനും ഇന്ത്യാമുന്നണി വന്നേ തീരൂ എന്ന് ദൃഢപ്രതിജ്ഞ എടുത്തിരിക്കുകയാണ് ഇന്ത്യന്‍ ജനത. അവര്‍ക്കു വേണ്ടത് ബഹുസ്വരതയാണ്. ഈ സന്ദേശമാണ് എസ്.ടി.യു യാത്രയില്‍ മുഴങ്ങിക്കേട്ടത്.

കേന്ദ്ര-കേരള ഭരണകൂടങ്ങള്‍ ജനവിരുദ്ധ നടപടികളുമായി മുന്നോട്ടുപോവുകയാണ്. മോദി സര്‍ക്കാര്‍ വര്‍ഗീയത അടിച്ചേല്‍പ്പിക്കുന്നതോടൊപ്പംതന്നെ കോര്‍പറേറ്റുകളെ താലോലിക്കുന്നു. അദാനിയുടെയും മറ്റും സമ്പത്ത് എത്രയോ ഇരട്ടി വര്‍ധിച്ചു. റോഡും പാലങ്ങളും എയര്‍പോര്‍ട്ട്, റെയില്‍വെ, യൂണിവേഴ്‌സിറ്റികള്‍ എന്നിവയെല്ലാം വിറ്റു തീര്‍ക്കുന്നു. പിണറായിയാകട്ടെ ഖജനാവ് കാലിയാക്കി വന്‍കട ബാധ്യത സംസ്ഥാനത്തിനു വരുത്തിവെച്ചു. കള്ളക്കടത്ത്, മയക്കുമരുന്ന് ലോബികളുടെ താവളമായി കേരളം. കോര്‍ട്ട് ഫീയും വെള്ളക്കരവും കൂട്ടി. സ്ത്രീപീഢനവും ധൂര്‍ത്തും സ്വജനപക്ഷപാതവും പിന്‍വാതില്‍ നിയമനവും വൈദ്യുതി വര്‍ധനവും എല്ലാം യഥേഷ്ടം നടന്നു. ഇതെല്ലാം കണ്ട് അടങ്ങിയിരിക്കാന്‍ എസ്.ടി.യുവിന് സാധ്യമല്ല. എസ്.ടി.യുവിന്റെ രൂപീകരണ കാലം മുതല്‍ ഇത്തരം അനീതികള്‍ക്കെതിരെ ഇടപെടല്‍ നടത്തിയിട്ടുണ്ട്.

webdesk11: