X

ഭാഷക്കു വേണ്ടിയുള്ള സമരം

മുനവ്വറലി ശിഹാബ് തങ്ങള്‍

ലോക തലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്നതും കൂടുതല്‍ രാഷ്ട്രങ്ങള്‍ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്ത ഭാഷകള്‍ പഠിക്കാന്‍ എല്ലാവരും താല്‍പര്യപെടാറുണ്ട്. തൊഴിലും വ്യാപാരവും സാഹിത്യ സാധ്യതയും കണക്കിലെടുത്താണ് വിവിധ രാജ്യങ്ങളുടെ കരിക്കുലത്തില്‍ ആ ഭാഷകള്‍ സ്ഥാനം പിടിക്കാറുള്ളത്. ഇരുപത്തി രണ്ടു രാഷ്ട്രങ്ങളില്‍ അറബി രാഷ്ട്ര ഭാഷയാണ്. നാല്‍പത്തി രണ്ടു കോടി ജനങ്ങള്‍ നിത്യേന അറബി ഭാഷ സംസാരിക്കുന്നുവെന്നാണ് കണക്കാക്കപെടുന്നത്. അമേരിക്ക, ബ്രിട്ടന്‍, കൊറിയ പോലുള്ള രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ അറബി പഠനം ഇപ്പോള്‍ സാര്‍വത്രികമാണ്.

മുസ്‌ലിം ജനവിഭാഗത്തെ വിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബ്രിട്ടീഷുകാരുടെ കാലം തൊട്ട് ഇസ്‌ലാമികമതപഠനം സ്‌കൂള്‍പാഠ്യപദ്ധതിയുടെ ഭാഗമായി മാറിയത്. 1913 ല്‍ ഡോ.ബിഷപ് കമ്മീഷന്റെ ശിപാര്‍ശയനുസരിച്ച് 25 മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയങ്ങളില്‍ ഒരു ടീച്ചറെ നിയമിക്കാനുള്ള വ്യവസ്ഥ തിരുവതാംകൂറില്‍ നിലവില്‍ വന്നു. 15വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പ് മതപഠനം നടന്നിരുന്നു. ദിവാനായിരുന്ന സര്‍ സി.പി രാമസ്വാമി അയ്യര്‍ വിഷയത്തില്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്ന് സകൂള്‍ സമയത്ത് തന്നെ അറബി ഭാഷാ അഭ്യസിക്കാനുള്ള അവസരമുണ്ടായി. തിരുവതാംകൂറില്‍ പ്രാഥമിക സ്‌കൂള്‍ തലംതൊട്ട് അറബി പഠനത്തിനുള്ള അവസരം കിട്ടിയപ്പോള്‍ മലബാറില്‍ അത് ആറാം തരം മുതലാണ് ആരംഭിച്ചിരുന്നത്. 1956 സംസ്ഥാന രൂപീകരണത്തിന് ശേഷം അധികാരത്തിലേറിയ ഇ.എം.എസ് സര്‍ക്കാരിന് മുന്നില്‍ അറബി പഠനത്തിന് തിരുവതാംകൂര്‍ മോഡലില്‍ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും ഒരു ഏകീകൃത സ്വഭാവമുണ്ടാവണമെന്ന് സി.എച്ച്.മുഹമ്മദ് കോയയും ലീഗ് പ്രസ്ഥാനവും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ഒന്നാം ഇ.എം.എസ് സര്‍ക്കാരിന് സാധിക്കാതെ പോയ കാര്യങ്ങള്‍ 1967ല്‍ ലീഗിന്റെ രാഷ്ട്രിയ ബലത്തില്‍ യാഥാര്‍ത്ഥ്യമാവുകയുണ്ടായി. ക്രാഫ്റ്റ്, ഫിസിക്കല്‍ എജ്യുക്കേഷന്‍, മ്യൂസിക്ക്, ഡാന്‍സ് ടീച്ചര്‍ തുടങ്ങിയ സ്പഷലിസ്റ്റ് തസ്തികയിലായിരുന്ന അറബി, ഉറുദു, സംസ്‌കൃതം അധ്യപകര്‍ക്ക് ഭാഷാധ്യാപക പദവി ചാര്‍ത്തി കൊടുക്കാന്‍ ധൈര്യം കാട്ടിയ വിദ്യഭ്യാസ മന്ത്രിയായിരുന്നു സി.എച്ച്. 100 കുട്ടികള്‍ എന്നതിന് പകരം 28 കുട്ടികള്‍ മതിയാവുമെന്ന ധീരമായ പ്രഖ്യാപനം വന്നതോടെ ആയിരകണക്കിന് വിദ്യാലയങ്ങളിലാണ് അറബിയുടെയും സംസ്‌കൃതത്തിന്റെയും ഉറുദു ഭാഷയുടെയും ഈരടികള്‍ മുഴങ്ങിയത്.ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ 1977ലാണ് മതേതര ചിന്തകളില്‍ ആദ്യത്തെ വിള്ളല്‍ വീണത്. സംഘ്പരിവാര്‍ ശക്തികളുടെ സഹായത്താല്‍ ആ വര്‍ഷത്തിലാണ് ആദ്യത്തെ കോണ്‍ഗ്രസിതര സര്‍ക്കാര്‍ ഡല്‍ഹിയില്‍ ഭരണത്തിലേറിയത്. ഫാസിസ്റ്റ് ശക്തികളെ പ്രീണിപ്പിക്കാന്‍ അന്ന് പലരും മത്സരിക്കുകയായിരുന്നു.

1980 ലെ നായനാര്‍ സര്‍ക്കാരിന്റെ അറബി ഭാഷാ വിരോധവും അത്തരം ഒരു നീക്കത്തിന്റെ ഭാഗമായിരുന്നു. അറബി. പീഠനത്തിനായി പ്രത്യേക ക്ലാസ് മുറികള്‍ സ്ഥാപിക്കണം (അക്കമഡേഷന്‍), അറബി പഠിക്കുന്ന വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് കുട്ടിക്ക് മാതൃഭാഷ പഠിക്കാന്‍ താല്‍പര്യമില്ലന്ന് സമ്മതപത്രം നല്‍കണം (ഡിക്ലറേഷന്‍), സര്‍വീസിലിരിക്കുന്ന ഭാഷാ അധ്യാപകരുടെ മുകളില്‍ പുതിയ യോഗ്യത നിശ്ചയിക്കല്‍ (ക്വാളിഫിക്കേഷന്‍) ഈ കരിനിയമങ്ങളിലൂടെ മുഖ്യമായും അറബി ഭാഷയെ സ്‌കൂളില്‍ നിന്നും പടിയിറക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തിയത്. ഗൂഢ നീക്കത്തിനെതിരെ അറബി അധ്യാപകര്‍ നടത്തിയ സമരത്തെ അഭിസംബോധന ചെയ്തു കൊണ്ട് ഈ സമരം സമുദായം ഏറ്റെടുത്തിരിക്കുന്നുവെന്ന സി.എച്ചിന്റെ പ്രഖ്യാപനവും തുടര്‍ന്ന് യൂത്ത് ലീഗ് നടത്തിയ സമരങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്. 1980 ജൂലൈ 30ന് ബദര്‍ ദിനത്തില്‍ കലക്ട്രേറ്റുകള്‍ക്ക് മുന്നില്‍ നടന്ന സമരം തീര്‍ത്തും സമാധാനപരമായിരുന്നു. യൂത്ത് ലീഗ് സമരത്തെ ചോരയില്‍ മുക്കി കൊല്ലാന്‍ ഭരണകൂടം മുന്‍കൂട്ടി തീരുമാനിച്ച രീതിയിലാണ് പൊലീസ് പലയിടത്തും പെരുമാറിയത്.

മലപ്പുറത്ത് അകാരണമായി നടത്തിയ വെടിവെപ്പിലാണ് മജീദ്, റഹ്മാന്‍, കുഞ്ഞിപ്പ എന്നിവര്‍ രക്തസാക്ഷികളായത്. രക്തസാക്ഷിത്വത്തിന്റെ ചൂടാറും മുമ്പേ കരിനിയമങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാര്‍ച്ച് പ്രഖ്യാപിച്ചതും വാക്കുകളെ വെടിയുണ്ടകളാക്കി നിയമസഭയില്‍ സി.എച്ച് നടത്തിയ പോരാട്ടവും അവിസ്മരണീയമാണ്. നായനാര്‍ സര്‍ക്കാരിന് ഒടുവില്‍ തെറ്റുതിരുത്തേണ്ടി വന്നു. സംസ്ഥാന ഭരണകൂടം നടപ്പിലാക്കിയ ഭരണ പരിഷ്‌ക്കാരങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കേണ്ടി വന്ന ഏകസമരം എന്ന പ്രത്യേകത അവകാശപ്പെടാന്‍ കഴിയുന്നത് ഭാഷാ സമരത്തിനു മാത്രമായിരിക്കും. രക്തസാക്ഷികളെ പല ഘട്ടങ്ങളിലും രാഷ്ട്രീയ ചാഞ്ചാട്ടത്തിന്റെ പേരില്‍ പലരും വിസ്മരിക്കുമ്പോഴും മജീദ് റഹ്മാന്‍ കുഞ്ഞിപ്പമാരുടെ ജ്വലിക്കുന്ന ഓര്‍മകള്‍ സമുദായത്തിന്റെ അവകാശ സംരക്ഷണ പോരാട്ടങ്ങള്‍ക്കുള്ള ഇന്ധനമാണ് ഇന്നും പകരുന്നത്.

webdesk11: