X

സംസ്ഥാനത്ത് ഇന്നും ശക്തമായ കാറ്റിന് സാധ്യത; മലയോര മേഖലകളില്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. മലയോര മേഖലകളിൽ മഴ കനക്കുമെന്നാണ് ജാഗ്രതാ നിർദേശം. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. 40 കിലോ മീറ്റര്‍ വരെ ശക്തമായ കാറ്റ് വീശിയേക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അതേസമയം, കോഴിക്കോട് ജില്ലയുടെ മലയോരമേഖലകളില്‍ ഇന്നലെയുണ്ടായ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. കാവിലുംപാറ പഞ്ചായത്തിൽ മൂന്ന് വീടുകൾ പൂർണമായും അഞ്ച് വീടുകൾ ഭാഗികമായും തകർന്നു. പലയിടങ്ങളിലും മരംവീണ് ഗതാഗതം തടസപ്പെട്ടു.
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളില്‍ മഴ ശക്തമായത്. കുറ്റ്യാടി, തിരുവമ്പാടി, കൂടരഞ്ഞി, കൊടിയത്തൂര്‍, മുക്കം തുടങ്ങിയ സ്ഥലങ്ങളില്‍ മഴ കനത്തു. ശക്തമായ മഴയിലും കാറ്റിലും കുറ്റ്യാടി മേഖലയിലാണ് വ്യാപക നാശനഷ്ടമുണ്ടായത്. വേളം പഞ്ചായത്തിൽ മൂന്ന് വീടുകൾ തെങ്ങ് വീണ് തകർന്നു. തിരുവമ്പാടിയില്‍ ചെറുപുഴയ്ക്ക് കുറുകെയുള്ള താല്‍ക്കാലികനടപ്പാലം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. വെള്ളം കുത്തിയൊലിച്ചെത്തിയതോടെ പതങ്കയത്ത് ഇരുവഴിഞ്ഞിപ്പുഴയില്‍ കുടുങ്ങിയ താനൂര്‍ സ്വദേശികളായ രണ്ട് പേരെ നാട്ടുകാര്‍വടംകെട്ടി രക്ഷപ്പെടുത്തി. ശക്തമായ കാറ്റില്‍ മലയോരമേഖലകളിലെ തെങ്ങ്, കവുങ്ങ്, വാഴ കൃഷികള്‍ക്കും വ്യാപകനാശമുണ്ടായി. മരുതോങ്കര പശുക്കടവിലും പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിലും ഇടിമിന്നലേറ്റ് രണ്ട് പശുക്കള്‍ ചത്തു.

webdesk13: