X
    Categories: keralaNews

സംസ്ഥാനത്ത് മെയ് 16 വരെ ശക്തമായ കാറ്റിനും മഴക്കും സാധ്യത

സംസ്ഥാനത്ത് മെയ് 16 വരെ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശക്തമായ കാറ്റിനെ ജാഗ്രതയോട് കൂടി നേരിടേണ്ടതുണ്ട്.ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളില്‍ താമസിക്കുന്നവര്‍ അധികൃതരുമായി (1077 എന്ന നമ്പറില്‍) മുന്‍കൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളില്‍ അവര്‍ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതുമാണ്.

കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ ഏതെങ്കിലും അപകടം ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കണ്‍ട്രോള്‍ റൂമിലോ 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കുക.

പത്രം-പാല്‍ വിതരണക്കാര്‍ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കൃഷിയിടങ്ങളില്‍ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുന്നേ ഉറപ്പ് വരുത്തുക. കാറ്റും മഴയും ശക്തമാകുമ്പോള്‍ നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ജോലി നിര്‍ത്തി സുരക്ഷിതമായ ഇടത്തേക്ക് മാറി നില്‍ക്കണം.

ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

12-05-2022: ഇടുക്കി, കാസര്‍ഗോഡ്.
13-05-2022: എറണാകുളം, ഇടുക്കി.
14-05-2022: ഇടുക്കി.
15-05-2022: എറണാകുളം, ഇടുക്കി, തൃശൂര്‍. 16-05-2022: ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആന്ധ്രാപ്രാദേശ് തീരത്തിനു മുകളില്‍ സ്ഥിതി ചെയ്യുന്ന ശക്തി കുറഞ്ഞ ന്യുന മര്‍ദ്ദത്തിന്റെ സ്വാധീനമുള്ളതിനാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മല്‍സ്യബന്ധനം നിരോധിച്ചിരിക്കുന്നു. അടുത്തൊരു അറിയിപ്പ് ലഭിക്കുന്നത് വരെ യാതൊരു കാരണവശാലും ബംഗാള്‍ ഉള്‍ക്കടലിലേക്ക് മത്സ്യബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ല എന്നും നിലവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ എത്രയും വേഗം സുരക്ഷിത തീരങ്ങളില്‍ എത്തേണ്ടതാണ് എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Chandrika Web: