X

ശക്തമായ ഇടിമിന്നല്‍: രണ്ടുവീടുകള്‍ക്ക് വലിയ നാശനഷ്ടം

കോഴിക്കോട് കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഇടിമിന്നലില്‍ വീടുകള്‍ക്ക് വലിയ നാശനഷ്ടം. മേപ്പയ്യൂര്‍ നരക്കോട് കല്ലങ്കി കുങ്കച്ചന്‍കണ്ടി നാരായണന്റെ വീട്ടിലും പാലേരിയില്‍ കൈതേരി മുക്കിലെ കൊറഞ്ഞേറമ്മല്‍ സദാനന്ദന്റെ വീട്ടിലുമാണ് ഇടിമിന്നലില്‍ നാശനഷ്ടങ്ങളുണ്ടായത്. ആര്‍ക്കും പരിക്കുകളില്ല.

വീട്ടിലെ സിറ്റൗട്ടില്‍ ഇരിക്കുകയായിരുന്ന സദാനന്ദനും സുഹൃത്തും എഴുന്നേറ്റ ഉടനെയാണ് വീട്ടിലെ തൂണിന് മിന്നലേറ്റത്. തൂണിന്റെ അടിഭാഗത്തെ ടൈലുകള്‍ ചിതറി. വയറിങ് പൂര്‍ണ്ണമായും കത്തി നശിച്ചു. വീട്ടിലെ അക്വോറിയം പൊട്ടിത്തെറിച്ചു.

ഇടിമിന്നലിനെ തുടര്‍ന്ന് നാരായണന്റെ വീടിന്റെ ജനല്‍ പാളികള്‍ പൊട്ടി. ചുമരുകശ്ക്ക് വിള്ളലേറ്റു. വൈദ്യുതി ഉപകരണവും വയറിങ്ങും കത്തിനശിച്ചു.

ആലുവ ചെങ്ങമനാട് പഞ്ചയാത്തിലും ഇടിമിന്നലിനെ തുടര്‍ന്ന് നാശനഷ്ടങ്ങളുണ്ടായിട്ടു്ണ്ട്. ഐഷ ബാലന്‍, കണ്ടത്തില്‍ സജീവ്, ലക്ഷ്മി മന്ദിരത്തില്‍ രാജീവ് എന്നിവരുടെ വീടുകളിലെയും വൈദ്യുതി ഉപകരണങ്ങള്‍ കത്തിനശിച്ചു. ശുചി മുറിയിലെ ക്ലോസറ്റും പൈപ്പുകളും തകര്‍ന്നു. ഫാനുകള്‍, ഇന്‍വര്‍ട്ടറുകള്‍, ടെലിവിഷന്‍ സെറ്റ് ടോപ് ബോക്‌സ് , കേബിളുകള്‍, സ്വിച്ചുകള്‍, പ്ലഗുകള്‍ എന്നിവ കത്തി നശിച്ചിട്ടുണ്ട്.

 

webdesk17: