നടിയുടെ ആരോപണത്തിന് പിന്നാലെ സി.പി.എം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റില്‍ മുകേഷ് എം.എല്‍.എക്ക് അതിരൂക്ഷ വിമര്‍ശനം. എം.എല്‍.എക്കെതിരായ പരാതി പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നും പരാതി അതീവഗൗരവത്തോടെ അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നു. വനിതാ അംഗങ്ങളടക്കം ഭൂരിപക്ഷം പേരും വിമര്‍ശനം ഉന്നയിച്ചു. ആരോപണങ്ങളെഅന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച സര്‍ക്കാരിന്റെ തീരുമാനം ശരിയെന്നും അഭിപ്രായം. മുകേഷിനെതിരെ കഴിഞ്ഞ ദിവസമാണ് നടി ലൈംഗികാരോപണം ഉന്നയിച്ചത്.
അമ്മ സംഘടനയില്‍ അംഗത്വം ലഭിക്കണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ടെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. താനറിയാതെ മലയാള സിനിമയില്‍ ഒന്നും നടക്കില്ലെന്ന് മുകേഷ് ഭീഷണിപ്പെടുത്തിയെന്നും നേരിട്ട് കണ്ടപ്പോള്‍ അദ്ദേഹം മോശമായി സംസാരിച്ചുവെന്നും നടി ആരോപിച്ചിരുന്നു. ആരോപണത്തിന് പിന്നാലെ മുകേഷിനെതിരെ നടി പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. മറ്റൊരു നടി ഇന്നും മുകേഷിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തു വന്നിരുന്നു.