X

പണിമുടക്ക് രണ്ടാം ദിനം; ജനത്തിന് ദുരിതം; ട്രെയിനുകള്‍ തടഞ്ഞു

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്കിന്റെ രണ്ടാം ദിവസവും സംസ്ഥാനത്ത് ജനജീവിതം സ്തംഭിച്ചു. പണിമുടക്കനുകൂലികള്‍ തിരുവനന്തപുരം സെന്‍ട്രലുള്‍പ്പെടെ പ്രധാന സ്‌റ്റേഷനുകളില്‍ ട്രെയിനുകള്‍ തടഞ്ഞത് യാത്രക്കാരെ ദുരിതത്തിലാക്കി.

പണിമുടക്കിന്റെ രണ്ടാം ദിവസവും ശബരിമല സര്‍വ്വീസുകള്‍ ഒഴികെ മറ്റ് സര്‍വ്വീസുകളൊന്നും കെ.എസ്.ആര്‍.ടി.സിക്ക് നടത്താന്‍ കഴിഞ്ഞില്ല. ശബരിമലയിലേക്ക് അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ഉള്‍പ്പെടെ 72 ഷെഡ്യൂളുകള്‍ ഇന്ന് നടത്തിയെങ്കിലും തീര്‍ത്ഥാടകരുടെ എണ്ണം നന്നേ കുറവാണ്. സ്വകാര്യ ബസുകള്‍ ഒരിടത്തും ഇന്നും സര്‍വ്വീസ് നടത്തിയില്ല. ഓട്ടോ ടാക്‌സി തൊഴിലാളികള്‍ ഇന്നും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും നഗരത്തിലുള്‍പ്പെടെ ചുരുക്കം ചില ഓട്ടോറിക്ഷകള്‍ ഇന്ന് അതിരാവിലെ സര്‍വ്വീസ് നടത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇവ നിലച്ചു.

തിരുവനന്തപുരത്ത് വേണാട്, ശബരി എക്‌സ് പ്രസുകള്‍ തടഞ്ഞു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇരു ട്രെയിനുകളും 40 മിനിട്ട് വൈകിയാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. കൊല്ലം തിരുവനന്തപുരം പാസഞ്ചര്‍ ചിറയിന്‍കീഴിലും സമരാനുകൂലികള്‍ തടഞ്ഞു. പൊലീസെത്തി അരമണിക്കൂറിന് ശേഷം പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തശേഷമാണ് പാസഞ്ചര്‍ പുറപ്പെട്ടത്. കളമശ്ശേരിയിലും കോട്ടയംനിലമ്പൂര്‍ പാസഞ്ചര്‍ തടഞ്ഞു.ചങ്ങനാശേരിയിലും സമരസമിതി പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു. ഇന്നും ഉച്ചവരെ വിവിധ കേന്ദ്രങ്ങളില്‍ ട്രെയിന്‍ തടയുമെന്ന് സമരക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ഓഫീസുകളുടെയും വിദ്യാലയങ്ങളുടെയും പ്രവര്‍ത്തനം രണ്ടാംദിവസവും പണിമുടക്കിനാല്‍ തടസപ്പെട്ടിരിക്കുകയാണ്. നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലുമുള്‍പ്പെടെ കടകമ്പോളങ്ങള്‍ ഭൂരിഭാഗവും ഇന്നും അടഞ്ഞുകിടക്കുകയാണ്. ചിലയിടങ്ങളില്‍ കടകള്‍ തുറന്നിട്ടുണ്ട്. കോഴിക്കോട് മിഠായി ത്തെരുവ്, കൊച്ചിന്‍ ബ്രോഡ് വേ എന്നിവിടങ്ങളില്‍ ഇന്നലെ കടകള്‍ തുറന്നെങ്കിലും കച്ചവടം നന്നേ കുറവായിരുന്നു.

chandrika: